'പോസ്റ്റ് വന്നത് അറിഞ്ഞിരുന്നില്ല; പേജ് ഹാക്ക് ചെയ്യപ്പെട്ടു'

വിവാദ ഫേസ്ബുക്ക് കുറിപ്പിൽ കൂടുതൽ വിശദീകരണവുമായി യു പ്രതിഭ എംഎൽഎ

Update: 2021-04-21 11:05 GMT
Editor : Shaheer | By : Web Desk

ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് പോസ്റ്റിൽ കൂടുതൽ വിശദീകരണവുമായി യു പ്രതിഭ എംഎൽഎ. താനറിയാതെയാണ് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്നും പേജ് ഹാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്നും അവർ പുതിയ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഹാക്ക് ചെയ്യപ്പെട്ട വിവരം അറിഞ്ഞപ്പോൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്നും അവർ എഴുതുന്നു.

നാടിനെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ ആക്രമണം തന്റെ പേജിലെ പോസ്റ്റിൽ ഒന്നുമല്ലാതായ വിവരം അറിയുന്നത് തന്നെ ലക്ഷ്യമിട്ടുണ്ടായ തെറിവിളികളിലൂടെയാണെന്ന് കുറിപ്പിൽ പറയുന്നു. സമർത്ഥരായ മന്ത്രിമാരോടുള്ള തങ്ങളുടെ മോഹംഭംഗം യൂത്ത് കോൺഗ്രസുകാർ തന്നോട് തീർക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.

Advertising
Advertising

'ഇന്നലെ എന്റെ പേജിൽ ഏതോ സിനിമയുടെ ഒരു പോസ്റ്റർ ആണെന്ന് തോന്നുന്നു: ആരോ ഹൈജാക്ക് ചെയ്തു ഇട്ടു.. ഞാൻ പോലും കാണുന്നതിന് മുൻപ് അതിന് വ്യാഖ്യാനങ്ങളായി, ദൂർവ്യാഖ്യാനങ്ങളായി. ചില യൂത്ത് കോൺഗ്രസുകാർ കണ്ണിൽ എണ്ണയൊഴിച്ച് ഞാൻ എയറിൽ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് ഞാൻ സുഖമായി ഉറങ്ങുമ്പോൾ ഉറക്കമിളച്ച് ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങൾ കണ്ടുകൂട്ടി..

ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകൾ വലിച്ചിഴക്കുന്നു. ചർച്ച ചെയ്യുന്നു, ഓടുന്നു, ചാടുന്നു... എന്തൊക്കെ ബഹളമായിരുന്നു.. എന്നാൽ, കേട്ടോളൂ... ഞാൻ പോസ്റ്റ് ഇട്ടിട്ടില്ല.. ആരോ ഹൈജാക്ക് ചെയ്തതാണെന്ന് അറിഞ്ഞപ്പോഴേ പരാതിയും കൃത്യമായി കൊടുത്തു..'' കുറിപ്പിൽ പ്രതിഭ വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്ന പഴഞ്ചൊല്ല് പ്രതിഭയുടെ പേജിൽ പ്രത്യക്ഷപ്പെട്ടത്. ഉടൻ തന്നെ പോസ്റ്റിൽ സിപിഎം പ്രവർത്തകരടക്കം തെറിവിളികളുമായി എത്തി. ആലപ്പുഴയിൽ അടുത്തിടെ ഉയർന്ന വിഭാഗീയതകളോട് ചേർത്തുവച്ച് മന്ത്രി ജി സുധാകരനെ ലക്ഷ്യമിട്ടുള്ളതാണ് പോസ്‌റ്റെന്ന് കോൺഗ്രസ് പക്ഷത്തുനിന്നും വ്യാഖ്യാനമുണ്ടായി. എന്നാൽ, വിവാദങ്ങൾക്കൊടുവിൽ പ്രതിഭയുടെ പേജ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. പ്രതിഭയുടെ പരാതിയെ തുടർന്നായിരുന്നു ഇത്. പേജ് ബ്ലോക്കിലായതിനു പിറകെ തിരിച്ചുവന്ന് പ്രതിഭ തന്നെയാണ് ഇപ്പോൾ കൂടുതൽ വിശദീകരണം നൽകിയിരിക്കുന്നത്.

പോസ്റ്റ് വായിക്കാം:

അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചു കൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാൻഡ് വിട്ടുപോകേണ്ടതാണ്....

ഇനി കാര്യത്തിലേക്ക് കടക്കാം...

ഇന്നലെ ഞാൻ പോലുമറിയാതെ എന്റെ ഫേസ്ബുക് പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപെടുകയുണ്ടായി... നാട് മുഴുവൻ ഇത്രമേൽ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പ്രത്യാക്രമണം പോലും എന്റെ പേജിലെ ഒരു പോസ്റ്റിനു മുന്നിൽ ഒന്നുമല്ലാതായ വിവരം ഞാനറിയുന്നത് പൊടുന്നനെ എന്നെ ലക്ഷ്യമിട്ടു വന്ന തെറിവിളികളും ചീത്ത പറച്ചിലുകളിലൂടെയുമൊക്കെയാണ്. എന്തൊരു കരുതൽ ആണ് ഇവർക്കൊക്കെ എന്നോട്... ശ്ശൊ ഓർത്തിട്ട് കണ്ണു നിറഞ്ഞുപോകുവാ... അപ്പോ ഒരു സത്യം പറയാം.. പിന്നെ എല്ലാരും സ്റ്റാന്റ് വിട്ടുപോകണം. ഇന്നലെ എന്റെ പേജിൽ ഏതോ സിനിമയുടെ ഒരു പോസ്റ്റർ ആണെന്ന് തോന്നുന്നു: ആരോ ഹൈജാക്ക് ചെയ്തു ഇട്ടു.. ഞാൻ പോലും കാണുന്നതിന് മുൻപ് അതിന് വ്യാഖ്യാനങ്ങളായി ദൂർവ്യാഖ്യാനങ്ങളായി. ചില യൂത്ത് കോൺഗ്രസ്‌കാർ കണ്ണിൽ എണ്ണ ഒഴിച്ച് ഞാൻ എയറിൽ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് ഞാൻ സുഖമായി ഉറങ്ങുമ്പോൾ ഉറക്കമിളച്ച് ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങൾ കണ്ടു കൂട്ടി.. ചില മാധ്യമങ്ങളും??

ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകൾ വലിച്ചിഴക്കുന്നു ചർച്ച ചെയ്യുന്നു, ഓടുന്നു, ചാടുന്നു... ശ്ശൊ ശ്ശൊ... എന്തൊക്കെ ബഹളമായിരുന്നു..

എന്നാൽ കേട്ടോളൂ.. ഞാൻ Post ഇട്ടിട്ടില്ല.. ഇട്ടാൽ നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല അറിയാമല്ലോ.. ആരോ ഹൈജാക്ക് ചെയ്തതാണെന്ന് അറിഞ്ഞപ്പോഴേ പരാതിയും കൃത്യമായി കൊടുത്തു.. സമർത്ഥരായ അഴിമതി ഇല്ലാത്ത മന്ത്രിമാരോടുള്ള ചില യൂത്ത് കോൺഗ്രസ്‌കാരുടെ ഫ്രസ്‌ട്രേഷൻ എന്തായാലും ഇന്നലെ പുറത്തുചാടി..

അപ്പോ എങ്ങനെയാ.. ഇന്നലെ കളഞ്ഞ ഉറക്കം ഒക്കെ വെറുതെ ആയില്ലേ.. പോയി നന്നായി കിടന്ന് ഒന്നുറങ്ങ്. ഇനിയും ദുർഭാവന വിളയാടേണ്ടത് അല്ലയോ.. അപ്പോ പിന്നെ കാണാം.. എല്ലാരും സ്റ്റാന്റ് വിട്ടോ...

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News