വാക്‌സിൻ വിതരണത്തിൽ റെക്കോർഡിട്ട് യുഎഇ
പ്രവാസികളുൾപ്പെടെ എല്ലാവർക്കും സൗജന്യവിതരണം
വാക്‌സിൻ വിതരണത്തിൽ യുഎഇയുടെ റെക്കോർഡ് നേട്ടത്തിന് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം. പല രാജ്യങ്ങളിലും വാക്‌സിൻ വിതരണം മന്ദഗതിയിലായിരിക്കെയാണ് യുഎഇയുടെ മുന്നേറ്റം. തീർത്തും സൗജന്യമായാണ് പ്രവാസികൾ ഉൾപ്പെടെ മുഴുവൻ പേർക്കും യുഎഇ വാക്‌സിനുകൾ വിതരണം ചെയ്യുന്നത്.
ആഗോള വാക്‌സിൻ പദ്ധതിയിൽ ഐതിഹാസിക നേട്ടം തന്നെയാണ് യുഎഇ കൈവരിച്ചിരിക്കുന്നത്. ഒരു കോടിയിലേറെ ഡോസ് കോവിഡ് വാക്‌സിനുകളാണ് ഇതിനകം രാജ്യത്ത് വിതരണം ചെയ്തത്. നിത്യവും ഒരു ലക്ഷത്തിലേറെ പേർക്കാണ് വാക്‌സിൻ വിതരണം നടന്നത്. ഇതുവരെ 51 ലക്ഷം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു.
38 ലക്ഷം പേർ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചതായാണ് റിപ്പോർട്ട്. പ്രധാന കോവിഡ് വാക്‌സിനുകളെല്ലാം ലഭ്യമാണെന്നതും യുഎഇയുടെ മറ്റൊരു നേട്ടമാണ്. നാലിനം വാക്‌സിനുകൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
കോവിഡ് ടെസ്റ്റ് വിപുലപ്പെടുത്താനും വാക്‌സിൻ വിതരണം ഊർജിതമാക്കാനും തുടക്കം മുതൽ തന്നെ യുഎഇ തീരുമാനിച്ചിരുന്നു. വാക്‌സിനെടുക്കാത്തവർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പും കഴിഞ്ഞ ദിവസം യുഎഇ നൽകിയിരുന്നു.