ഇന്ത്യയില്‍ കോവിഡ് രൂക്ഷം: സൗദി, യാത്രാ വിലക്ക് നീട്ടുമോ എന്ന ആശങ്കയില്‍ പ്രവാസികൾ
മെയ് 17 ന് സൗദി അന്താരാഷ്ട്ര സർവ്വീസുകൾ പുനരാഭിക്കുമ്പോൾ, ഇന്ത്യയിലേക്ക് സർവ്വീസുകൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഏറെ ആശങ്കയിലാണ് പ്രവാസികൾ.
അന്താരാഷ്ട്ര സർവ്വീസുകൾ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ സൗദിയ എയർലൈൻസ് ഊർജ്ജിതമാക്കി. ഇന്ത്യയുൾപ്പെടെ പ്രത്യേക യാത്ര വിലക്കുള്ള ഇരുപത് രാജ്യങ്ങളിലേക്കുള്ള സർവ്വീസ്, ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനത്തിന് ശേഷമായിരിക്കും ഉണ്ടാകുക. എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ സൗദി, യാത്ര വിലക്ക് നീട്ടുമോ എന്ന ആശങ്കയിലാണ് പ്രവാസികൾ.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിറുത്തി വെച്ച അന്താരാഷ്ട്ര സർവ്വീസുകൾ, മാർച്ച് 31 ന് പുനാരംഭിക്കുമെന്നായിരുന്നു സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് വാക്‌സിൻ രാജ്യത്തെത്താൻ താമസം നേരിട്ടതോടെ, അന്താരാഷ്ട്ര സർവ്വീസുകൾ പുനരാരംഭിക്കുന്നത് മെയ് 17 ലേക്ക് നീട്ടി. ഇതിന് പുറമെ വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ, ഇന്ത്യയും യു.എ.ഇ യും ഉൾപ്പെടെ 20 രാജ്യങ്ങളിലുള്ളവർക്ക് നേരിട്ട് വരുന്നതിൽ ഫെബ്രുവരി മൂന്ന് മുതൽ സൗദി വിലക്കേർപ്പെടുത്തി. ഇതോടെ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇടത്താവളമാക്കി സൗദിയിലേക്ക് വന്നിരുന്ന പ്രവാസികൾക്ക് യാത്രാ പ്രശ്‌നം അതിരൂക്ഷമായി.
ഇന്ത്യൻ പ്രവാസികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സൗദി-ഇന്ത്യ എയർ ബബിൾ കരാറിന് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും, സാധാരണ പ്രവാസിക്ക് ആശ്വാസകരമാകുന്ന ഫലങ്ങളൊന്നും അതിനുണ്ടായില്ല. നിലവിൽ ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമായതോടെ കൂടുതൽ രാജ്യങ്ങൾ ഇന്ത്യയിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ മെയ് 17ന് സൗദി അന്താരാഷ്ട്ര സർവ്വീസുകൾ പുനരാഭിക്കുമ്പോൾ, ഇന്ത്യയിലേക്ക് സർവ്വീസുകൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഏറെ ആശങ്കയിലാണ് പ്രവാസികൾ.
ഇതിനിടെ വിലക്ക് നിലവിലുള്ള 20 രാജ്യങ്ങളിലേക്ക് മെയ് 17 മുതൽ സർവ്വീസുകൾ ഉണ്ടാകില്ലെന്ന് സൗദിയ എയർലൈൻസ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ സ്വദേശി പൗരന്‍റെ അന്വോഷണത്തിന് മറുപടിയായി പറഞ്ഞിരുന്നു. എന്നാൽ സർവ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ട ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഇതുവരെ അറിയിപ്പുകൾ പുറത്ത് വന്നിട്ടില്ല, വൈകാതെ തന്നെ മന്ത്രാലയത്തിൽ നിന്ന് യാത്രാവിലക്ക് പിൻവലിക്കുന്നത് സംബന്ധിച്ച അറിയിപ്പുണ്ടാകും. അതിലൂടെ മാത്രമേ സൗദി-ഇന്ത്യ വിമാന സർവ്വീസ് സംബന്ധിച്ച കൃത്യമായ തീരുമാനം അറിയാനാകൂ.