സമദിന് സീറ്റ് വേണം: ലീഗ് പാലക്കാട് ജില്ലാ നേതൃത്വം കുഞ്ഞാലിക്കുട്ടിയെ കണ്ടു
'സമദ് വരണം പട്ടാമ്പി തിരിച്ച് പിടിക്കണം, സമദിന്റെ അയോഗ്യത മലപ്പുറത്തോ കോഴിക്കോടോ ജനിക്കാത്തതാണോ?'
പട്ടാമ്പി സീറ്റ് ലഭിക്കാത്തതിൽ മുസ്‍ലിം ലീഗില്‍ കടുത്ത പ്രതിഷേധം. പാലക്കാട്ടെ ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ചു. എം എ സമദിന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് നേതൃത്വം കുഞ്ഞാലിക്കുട്ടിയെ കണ്ടത്. സമദിന് സീറ്റില്ലെങ്കിൽ ജില്ലയിലെ ഒരു മണ്ഡലത്തിലും സഹകരിക്കില്ലെന്നാണ് ലീഗ് പാലക്കാട് നേതൃത്വത്തിന്‍റെ തീരുമാനം.
പട്ടാമ്പിയില്‍ വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. യൂത്ത് ലീഗിന്റെ പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. 'സമദ് വരണം പട്ടാമ്പി തിരിച്ച് പിടിക്കണം, സമദിന്റെ അയോഗ്യത മലപ്പുറത്തോ കോഴിക്കോടോ ജനിക്കാത്തതാണോ? ജില്ലയിലെ സീറ്റെല്ലാം വരത്തൻമാർക്ക്' എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്.
അണികൾ അച്ചടക്കം പാലിക്കണമെങ്കിൽ നേതൃത്യം നീതി കാണിക്കണമെന്നും പോസ്റ്ററിലുണ്ട്. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ സമദിനായി ഓൺലൈൻ ക്യാമ്പയിനും ആരംഭിച്ചു.