നന്ദിഗ്രാമില്‍ മമതക്കെതിരെ 'വരത്തന്‍' പ്രയോഗവുമായി ബി.ജെ.പി

തനിക്കെതിരെ വരത്തന്‍ പ്രയോഗം ഉന്നയിക്കുന്നവര്‍ നന്ദിഗ്രാമില്‍ നടന്ന സുപ്രസിദ്ധമായ സമര പാരമ്പര്യത്തെ നിന്ദിക്കുകയാണെന്ന് മമതാ ബാനര്‍ജി

Update: 2021-03-10 14:21 GMT

പശ്ചിമ ബംഗാളിലെ എല്‍ ക്ലാസിക്കോ മണ്ഡലമായ നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ 'വരത്തന്‍' പ്രയോഗവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുന്‍ തൃണമൂല്‍ ബുദ്ധികേന്ദ്രവും മമതാ ബാനര്‍ജിയുടെ വലംകൈയ്യുമായിരുന്ന സുവേന്ദു അധികാരി ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്ന നന്ദിഗ്രാമില്‍, നേരിട്ട് പോരിനിറങ്ങിയ മമതാ ബാനര്‍ജി പ്രചാരണവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ചിലയിടങ്ങളില്‍ 'പരദേശി' ആരോപണം ഉയര്‍ന്നത്.

'നന്ദിഗ്രാമിന് വേണ്ടത് മണ്ണിന്റെ മകനെയാണ്, പരദേശിയെ അല്ല' എന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ബംഗാളിലെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനെത്തിയ നേതാക്കള്‍ക്കെതിരെ നേരത്തെ തൃണമൂല്‍ നേതാക്കള്‍ പരദേശി പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇതേ തന്ത്രം മമത മത്സരിക്കുന്ന മണ്ഡലത്തില്‍ തന്നെ പ്രയോഗിക്കുയായിരുന്നു. ഏപ്രില്‍ ഒന്നിനാണ് നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ്.

എന്നാല്‍ നന്ദിഗ്രാമില്‍ തനിക്കെതിരെ വരത്തന്‍ പ്രയോഗം ഉന്നയിക്കുന്നവര്‍ നന്ദിഗ്രാമില്‍ നടന്ന സുപ്രസിദ്ധമായ സമര പാരമ്പര്യത്തെ നിന്ദിക്കുകയാണെന്നും, വര്‍ഗീയ കാര്‍ഡ് ഇളക്കി കളിക്കുയാണെന്നും മമത ബാനര്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'മണ്ണിന്റെ മകന്‍' പ്രയോഗം വ്യാപകമായി ഉയര്‍ത്തിയാണ് സുവേന്ദു അധികാരി മമതയെ നേരിടുന്നതും.

തന്നെ അമ്പതിനായിരം വോട്ടിന് പരാജയപ്പെടുത്തിയില്ലങ്കില്‍ സുവേന്ദു അധികാരി രാഷ്ട്രീയം വിടാന്‍ തയ്യാറാവണമെന്ന് മമത ബാനര്‍ജി പറഞ്ഞു.

Tags:    

Similar News