സ്ഥാനാർത്ഥി നിർണയത്തിലെ പ്രതിഷേധം: സി.പി ബാവഹാജിയെ അനുനയിപ്പിക്കാൻ ലീഗ്
സി.പി ബാവഹാജിയുമായി മുതിര്‍ന്ന സി.പി.എം നേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് വിവരം
മുസ്‍ലിം ലീഗില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ഇടഞ്ഞ് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കം തുടരുന്നു. നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്തെത്തിയ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി ബാവഹാജിയുമായി ലീഗ് നേതൃത്വം ഇന്ന് ചർച്ച നടത്തും. സി.പി ബാവഹാജിയുമായി മുതിര്‍ന്ന സി.പി.എം നേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് വിവരം.
രാജ്യസഭാ സീറ്റ് നല്‍കാമെന്നായിരുന്നു ബാവഹാജിക്ക് ലീഗ് നല്‍കിയ വാഗ്ദാനം. അതല്ലെങ്കില്‍ നിയമസഭാ സീറ്റില്‍ പരിഗണിക്കാമെന്നും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. ഇത് രണ്ടും നടക്കാതായതോടെയാണ് സി.പി ബാവഹാജി തന്‍റെ പ്രതിഷേധം പരസ്യമാക്കിയത്. ഇക്കാര്യം നേതൃത്വത്തെ ബാവഹാജി ക്യത്യമായി ധരിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ ബാവഹാജിക്കായി തവനൂരിലെ വലിയ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് എത്തുകയും ജനപ്രതിനിധികള്‍ അടക്കം രാജിവെക്കുകയും ചെയ്തതോടെ ലീഗ് നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലായി.
സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ ബാവഹാജി പാര്‍ട്ടി വിടുമെന്നും, വിമത നീക്കം നടത്തുമെന്നും ഉറപ്പായതോടെ അനുനയ നീക്കവുമായി നേതൃത്വം ഇന്നലെ പല തവണകളിലായി ചര്‍ച്ച നടത്തി. എന്നാല്‍ തന്നെ പരിഗണിച്ചെ തീരൂ എന്ന നിലപാടില്‍ ഉറച്ചു നിന്ന ബാവഹാജിയുമായി സമവായത്തിലെത്താന്‍ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ തുടര്‍ ചര്‍ച്ചകള്‍ക്കായി ബാവഹാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചിട്ടുണ്ട്. അനുകൂല തീരമാനം ഉണ്ടായില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ബാവഹാജി നേതൃത്വത്തെ അറിയിച്ചു. മുതിര്‍ന്ന സി.പി.എം നേതാക്കളുമായും, കെ.ടി ജലീലുമായും ഇന്ന് ബാവഹാജി ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തിന്‍റെ തുടർനീക്കങ്ങൾ.