കോവിഡുമായി ബന്ധപ്പെടുത്തി തബ്‌ലീഗിനെതിരെ അപകീർത്തി പരാമർശങ്ങൾ: മാപ്പ് പറഞ്ഞ് പുസ്തക പ്രസാധകർ

എസ്.ഐ.ഒ സൗത്ത് മഹാരാഷ്ട്ര ഘടകത്തിന്റെ പ്രതിഷേധത്തെ തുടർന്നാണ് പ്രസാധകരുടെ നടപടി

Update: 2021-03-16 05:08 GMT

തബ്‌ലീഗ് ജമാഅതിനെ കോവിഡ് വാഹകരായി സ്ഥാപിക്കുന്ന പരാമർശങ്ങൾ നീക്കാൻ മെഡിക്കൽ പുസ്തക പ്രസാധകർ. ഇത്തരം പരാമർശങ്ങൾ പ്രസിദ്ധീകരിച്ചതിന് അവർ മാപ്പ് പറയുകയും ചെയ്തു. അപവാദ പരാമർശങ്ങൾ നീക്കം ചെയ്തായിരിക്കും പുസ്തകത്തിന്റെ പുതുക്കിയ എഡിഷൻ പുറത്തിറങ്ങുക. എസ്.ഐ.ഒ സൗത്ത് മഹാരാഷ്ട്ര ഘടകത്തിന്റെ പ്രതിഷേധത്തെ തുടർന്നാണ് പ്രസാധകരുടെ നടപടി. ഈയിടെ പുറത്തിറങ്ങിയ "Essentials of Medical Microbiology" എന്ന രണ്ടാം വർഷ എം.ബി.ബി.എസ് പാഠപുസ്തകത്തിലെ പരാമർശങ്ങളെ കുറിച്ചാണ് പരാതി ഉയർന്നത്.

കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിൽ നടന്ന തബ്‌ലീഗ് ജമാഅത് സമ്മേളനമാണ് കോവിഡ് വ്യാപനത്തിന് കരണമായതെന്ന രീതിയിലുള്ള പരാമർശങ്ങൾ പുസ്തകത്തിലുണ്ട്.പ്രാദേശിക കോടതികളും, ഹൈക്കോടതിയും സുപ്രീംകോടതിയും കോവിഡ് വ്യാപനത്തിന് ഇത്തരമൊരു കാരണമില്ലെന്ന് പറഞ്ഞതിനും ശേഷമാണ് ഈ പരാമർശങ്ങളെന്ന് എസ്.ഐ.ഒ മഹാരാഷ്ട്ര സൗത്ത് സെക്രട്ടറി റാഫിദ് ഷഹാബും ജോയിന്റ് സെക്രട്ടറി മുസദ്ദിഖുൽ മൊയ്ദും പറഞ്ഞു. വിഷയത്തിൽ ബോംബെ ഹൈക്കോടതിയുടെ മൂന്നു വിധികളെങ്കിലുമുണ്ടെന്ന് അവർ പറഞ്ഞു. ശാസ്ത്രീയമായ ഒരു അടിത്തറയുമില്ലാത്തതാണ് പുസ്തകത്തിലെ വിവാദ പരാമർശങ്ങളെന്ന് ഇരുവരും പറഞ്ഞു.

Advertising
Advertising

" അത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ വന്നപ്പോൾ, ഞങ്ങൾ വിഷയം പ്രസാധകരെയും ഗ്രന്ഥകർത്താക്കളെയും അറിയിക്കുകയും കോടതി പരാമർശങ്ങളുൾപ്പെടെ ശരിയായ അവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. അവസാനം അവർ വേണ്ട മാറ്റങ്ങൾ വരുത്താമെന്ന് സമ്മതിക്കുകയും ചെയ്തു. " ഷഹാബ് പറഞ്ഞു.

"വിഷയം നിരന്തരമായി പിന്തുടർന്നതിന്റെ ഫലമായി ഞായറാഴ്ച ഗ്രന്ഥകർത്താക്കൾ ക്ഷമാപണം നടത്തുകയും അപവാദ പരാമർശങ്ങൾ പുസ്തകത്തിന്റെ പുതുക്കിയ പതിപ്പിൽ നിന്നും നീക്കം ചെയ്തതായി അറിയിക്കുകയും ചെയ്തു. " മൊയ്ദ് പറഞ്ഞു.

" "Essentials of Medical Microbiology" എന്ന ഞങ്ങളുടെ പുസ്തകത്തിന്റെ മൂന്നാം പതിപ്പിലെ ഉള്ളടക്കം ഒരു കൂട്ടം ആളുകളുടെ വികാരം വൃണപ്പെടുത്തി എന്നറിഞ്ഞതിൽ അതിയായ ഖേദമുണ്ട്, അതിൽ ക്ഷമ ചോദിക്കുന്നു. വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല അവ." ഗ്രന്ഥകർത്താക്കൾ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Similar News