യുവാക്കള്‍ക്കിടയില്‍ നവോത്ഥാന ചിന്ത ശക്തമാക്കാന്‍ ശബരിമല പ്രശ്നം ഉപകരിച്ചു; സണ്ണി എം കപിക്കാട്
രാജാക്കന്മാര്‍ തിരിച്ചുവരുന്ന കേരളത്തിന്‍റെ പുതിയ സാഹികാവസ്ഥയില്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും മാത്രമേയുള്ളൂവെന്ന് ദലിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. ആദിവാസികളുള്‍പ്പെടെയുള്ളവര്‍ക്കുള്ള ഭൂമിയുടെ പുനര്‍വിതരണം കൂടി സാധ്യമാക്കിയാല്‍ മാത്രമെ നവകേരള നിര്‍മ്മിതി പൂര്‍ത്തിയാകുകയുള്ളൂവെന്നും കപിക്കാട് പറഞ്ഞു. ദോഹയില്‍ കരുണ ഖത്തര്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കേരളീയ സമൂഹത്തില്‍ പ്രത്യേകിച്ചു യുവാക്കള്‍ക്കിടയില്‍ നവോത്ഥാന ചിന്ത ശക്തമാക്കാന്‍ ശബരിമല പ്രശ്നം ഉപകരിച്ചതായി സണ്ണി എം കപിക്കാട് പറഞ്ഞു.
അനാചാരങ്ങള്‍ക്കും സവര്‍ണ മേല്‍ക്കോയ്മക്കുമെതിരെയുള്ള ചരിത്രപരമായ മുന്നേറ്റമായി ഇതിനെ കാണണം. ആചാരലംഘനം നടത്തിയാൽ വൈക്കത്തപ്പൻ കോപിക്കുമെന്ന് കരുതി ഭൂരിപക്ഷം കീഴ്ജാതിക്കാരായ വിശ്വാസികളും വൈക്കം ക്ഷേത്രത്തിലേക്ക് പോകാതിരുന്നു. എന്നാൽ പിന്നീട് അവിടെ എല്ലാവരും പ്രവേശിക്കുന്നതാണ് നാം കണ്ടത്. ഇത് ശബരിമലയിലും ആവര്‍ത്തിക്കും. കോടതിവിധി നടപ്പിലാക്കി തുടങ്ങിയാൽ ഇപ്പോൾ പ്രതിഷേധിക്കുന്നവരായിരിക്കും ആദ്യം അവിടെ എത്തുകയെന്നും സണ്ണി കപിക്കാട് പറഞ്ഞു.
തന്ത്രി ആചാരം വിശ്വാസം രാജാവ് എന്നിവയൊക്കെ ഭരണഘടനയ്ക്കും സുപ്രീംകോടതിക്കും മുകളിലാണെന്ന് വരുന്നത് ആപത്താണ്. രാജാക്കന്മാര്‍ തിരിച്ചുവരുമ്പോള്‍ പ്രതിരോധത്തിനായി ഇപ്പോഴും ശ്രീനാരായണഗുരുവും അയ്യങ്കാളിയും മാത്രമേയുള്ളൂവെന്നത് കേരളത്തിന്‍റെ ഗതികേടാണ്. ഭരണ ഘടന ചര്‍ച്ച ചെയ്യപ്പെടുമ്പോഴും അംബേദ്കര്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഭൂരഹിതരായ ആദിവാസികളുള്‍പ്പെടെയുള്ളവരുടെ ഭൂമി വിതരണം സാധ്യമാക്കാതെ നവകേരള നിര്‍മ്മിതി പൂര്‍ത്തിയാകുകയില്ലെന്നും സണ്ണിഎം കപിക്കാട് പറഞ്ഞു.
ജനാധിപത്യകാലത്തെ തൊട്ടുകൂടായ്മ കേരളീയ നവോത്ഥാന കാലത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ കരുണ ഖത്തര്‍ ദോഹയില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സണ്ണിഎം കപിക്കാട്.