‘ഖത്തര്‍ സ്വതന്ത്രമായി തുടരും’; ദേശീയദിന പരിപാടികള്‍ക്ക് തുടക്കമായി

ഖത്തര്‍ സ്വതന്ത്രമായി തുടരുമെന്നര്‍ത്ഥം വരുന്ന ദേശീയ ഗാനത്തിലെ വരിയാണ് ഇത്തവണത്തെ മുദ്രാവാക്യം

Update: 2018-12-14 02:48 GMT

ഖത്തര്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് ഔപചാരിക തുടക്കം. ഖത്തര്‍ സ്വതന്ത്രമായി തുടരുമെന്ന മുദ്രാവാക്യവുമായാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍. ദേശീയ ദിനമായ ഡിസംബര്‍ 18 ന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അയല്‍ രാജ്യങ്ങളുടെ ഉപരോധത്തിന് ശേഷമുള്ള രണ്ടാമത്തെ ദേശീയ ദിനാഘോഷത്തിനാണ് ഖത്തര്‍ ഒരുങ്ങുന്നത്. എല്ലാ മേഖലകളിലും കൈവരിച്ച സ്വയംപര്യാപ്തതയുടെയും ആത്മവിശ്വാസത്തിന്‍റെയും ഊര്‍ജ്ജവുമായാണ് ഖത്തര്‍ ഭരണകൂടം ചടങ്ങുകള്‍ക്ക് ആസൂത്രണം ചെയ്യുന്നത്.

ഖത്തര്‍ സ്വതന്ത്രമായി തുടരുമെന്നര്‍ത്ഥം വരുന്ന ദേശീയ ഗാനത്തിലെ വരിയാണ് ഇത്തവണത്തെ മുദ്രാവാക്യം. ഡിസംബര്‍ പതിനെട്ടിനാണ് ദേശീയ ദിനമെങ്കിലും 12 മുതല്‍ 20 വരെ നീണ്ടുനില്‍ക്കുന്നതാണ് ചടങ്ങുകള്‍. ദേശീയദിനാഘോഷത്തിന്‍റെ പ്രധാന വേദിയായ ദര്‍ബുസാഇയിലെ പൈതൃകനഗരി ഇന്നലെ മുതല്‍ ജനങ്ങള്‍ക്കായി തുറന്നു. മുന്‍വര്‍ഷങ്ങളേക്കാളും വിപുലവും സൌകര്യങ്ങളോടും കൂടിയാണ് ഈ വര്‍ഷം ദര്‍ബുസ്സാഇ ഒരുക്കിയിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും അമ്പതിലേറെ പവലിയനുകളാണ് ഇവിടെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Advertising
Advertising

ഖത്തറിന്‍രെ ഗതകാലം വര്‍ണിക്കുന്ന ദൃശ്യാവിഷ്കാരങ്ങളുംം പ്രധാനകാഴ്ച്ചയാണ്. ദേശീയ ദിനമായ 18ന് വൈകീട്ട് ദോഹ കോര്‍ണീഷില്‍ ദേശീയ ദിന പരേഡ് നടക്കും. 25000 പേര്‍ക്ക് പരേഡ് ഇരുന്ന് വീക്ഷിക്കാനുള്ള സൌകര്യം കോര്‍ണീഷ് റോഡിന്‍റെ ഇരുവശങ്ങളിലുമായി ഒരുക്കിക്കഴിഞ്ഞു. സാംസ്കാരിക സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അണിനിരക്കുന്ന കമ്മ്യൂണിറ്റി പരേഡുകളും നടക്കും. വിവിധ പ്രവാസി സമൂഹങ്ങള്‍ പങ്കെടുക്കുന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും.

Tags:    

Similar News