കീറിയ ജീൻസ് ട്വിറ്ററിൽ ട്രൻഡിങ്; കാരണമിതാണ്

നടി കങ്കണ റണാവത്ത് അടക്കമുള്ളവര്‍ ക്യാംപയിന് പിന്തുണയുമായി എത്തി

Update: 2021-03-18 12:29 GMT

നിരവധി കൗതുകങ്ങൾ ട്വിറ്റർ ട്രൻഡിങിൽ ഇടംപിടിക്കാറുണ്ട്. അത്തരത്തിൽ ഒരു കൗതുകമാണ് റിപ്പ്ഡ് ജീൻസ് എന്ന ഹാഷ് ടാഗിൽ മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റിൽ ട്രൻഡിങ്ങായത്.

സ്ത്രീകൾ കീറിയ ജീൻസ് ധരിക്കുന്നതിലൂടെ അവരുടെ കുട്ടികൾക്ക് എന്ത് മൂല്യമാണ് പകർന്നുനൽകുന്നതെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്തിന്റെ ചോദ്യമാണ് ട്വിറ്ററിൽ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയത്.

മുട്ടുവരെ കീറിയ ജീൻസിടുമ്പോൾ വലിയ ആളുകളായി എന്നാണ് ഈ സ്ത്രീകൾ സ്വയം വിചാരിക്കുന്നു. കീറിയ ജീൻസ് വാങ്ങാൻ മാത്രമാണ് സ്ത്രീകൾ കടയിൽ പോകുന്നത്. കീറിയ ജീൻസ് കിട്ടിയില്ലെങ്കിൽ സ്ത്രീകൾ കീറാത്ത ജീൻസുവാങ്ങി കത്രിക കൊണ്ട് മുട്ടുവരെ കീറിയതിനുശേഷം ഉപയോഗിക്കും- എന്നിങ്ങനെയായിരുന്നു റാവത്തിന്റെ പരാർശങ്ങൾ. കുടുംബവും കുട്ടികളുമുള്ള സ്ത്രീകൾ വരെ കീറിയ ജീൻസിടുന്നതായും ഇവരൊക്കെ മക്കൾക്ക് എന്ത് മൂല്യമാണ് പകർന്നു നൽകാൻ പോകുന്നതെന്നും റാവത്ത് ചോദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വിയറിങ് റിപ്പ്ഡ് ജീൻസ് എന്ന പേരിൽ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങായത്. വസ്ത്രധാരണം തങ്ങളുടെ അവകാശമാണ് എന്ന വാക്കുകളോടെയാണ് ചിലർ ചിത്രങ്ങൾ പങ്കുവച്ചത്. നടി കങ്കണ റണാവത്ത് അടക്കമുള്ളവർ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

Tags:    

Similar News