പകരം വെക്കാനാകാത്ത പകരക്കാരൻ; ജെസിൻറെ ചിറകിലേറി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

Update: 2022-04-28 17:01 GMT
Advertising

കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. സ്കൂള്‍ ഫുട്ബോള്‍ കളിക്കുന്ന ലാഘവത്തില്‍ കര്‍ണാടകയെ നേരിട്ട കേരളം കളിയുടെ ഒരവസരത്തില്‍ പോലും കര്‍ണാടകക്ക് അവസരം കൊടുത്തില്ല. ആദ്യ ഗോള്‍ സ്കോര്‍ ചെയ്തതൊഴിച്ചാല്‍ പിന്നീട് കര്‍ണാടക കാഴ്ചക്കാര്‍ മാത്രമായിരുന്നെന്ന് പറയാം.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനിലില്‍ ആദ്യ 23 മിനുട്ട് വരെ ഗോള്‍ അകന്നുനില്‍ക്കുകയായിരുന്നു, പക്ഷേ കര്‍ണാടകയുടെ ആദ്യ ഗോള്‍ കേരളത്തിന്‍റെ വലയില്‍ വീണതില്‍ പിന്നെ ഗോളടിയുടെ ഒരു പൂരമായിരുന്നു പിന്നീടങ്ങോട്ട്.  

പകരക്കാരനായിറങ്ങി പകരം വെക്കാനാകാത്ത താരമായി മാറിയ ജെസിന്‍ ടി.കെയുടെ മിന്നും പ്രകടനമാണ് കേരളത്തെ ഇത്ര വലിയ മാര്‍ജിനില്‍ വിജയിപ്പിച്ചത്. അഞ്ച് ഗോളാണ് ജെസിന്‍ എതിര്‍വലയില്‍ നിറച്ചത്.  

സുധീറിന്‍റെ ഗോളില്‍ ലീഡെടുത്ത കര്‍ണാടകയുടെ എല്ലാ ആഘോഷങ്ങളെയും അവസാനിപ്പിച്ച് ജെസിന്‍റെ തോളിലേറി കേരളം ആറാടുകയായിരുന്നു. 24ആം മിനുട്ടിലായിരുന്നു കര്‍ണാടകയുടെ ആദ്യ ഗോള്‍. പക്ഷേ വിക്നേഷിന് പകരക്കാരനായി ജെസിന്‍ എത്തുന്നത് വരെയേ കര്‍ണാടക്ക് ചിത്രത്തില്‍ ഇടമുണ്ടായിരുന്നുള്ളൂ...

മുഴുവന്‍ സ്റ്റേഡിയത്തെയും നിശബ്ദമാക്കിക്കൊണ്ടാണ് കർണാകടയുടെ ആദ്യ ഗോൾ വരുന്നത്. 25ആം മിനുട്ടിൽ സുധീർ ആണ് പന്ത് വലയിൽ എത്തിച്ചത്. സൊലൈമലിയുടെ ക്രോസ് ബാക്ക് പോസ്റ്റിൽ ഓടിയെത്തിയ സുധീർ ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു.

ഈ ഗോൾ പിറന്നതിന് പിന്നാലെ ബിനോ ജോർജ്ജ് വിക്നേഷിനെ പിൻവലിച്ച് ജെസിനെ കളത്തിലെത്തിക്കുകയായിരുന്നു. ബിനോയുടേത് മാസ്റ്റര്‍ ക്ലാസ് തീരുമാനമായിരുന്നെന്ന് മനസിലാക്കാന്‍ മിനുട്ടുകള്‍ പോലും വേണ്ടി വന്നില്ല. 35ആം മിനുട്ടിൽ ജെസിന്‍റെ സമനില ഗോള്‍. ഗോൾ ലൈൻ വിട്ടു വന്ന ഗോള്‍കീപ്പര്‍ക്ക് മുകളിലൂടെ ചിപ്പ് ചെയ്തായിരുന്നു ജെസിൻ വല കുലുക്കിയത്.

42ആം മിനുട്ടിൽ വീണ്ടും ജെസിൻ കര്‍ണാടകയെ ഞെട്ടിച്ചു. കിടിലന്‍ ഫിനിഷിങ് ടച്ചിലൂടെയായിരുന്നു ജെസിന്‍റെ രണ്ടാം ഗോള്‍. കേരളം 2-1ന് മുന്നിൽ. അവിടെയും നിര്‍ത്തിയില്ല ജെസിന്‍. 45ആം മിനുട്ടിൽ താരം ഹാട്രിക്കും തികച്ചു. ബിനോയുടെ മികച്ച നീക്കത്തിനൊടുവില്‍ ജെസിന്‍റെ അത്ഭുത പ്രകടനം. കേരളം 3-1ന് മുന്നില്‍. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഷിഗിലും ഗോൾ കണ്ടെത്തിയതോടെ കേരളം 4-1ന് മുന്നിൽ.

രണ്ടാം പകുതിയില്‍ കേരളത്തിനായി രണ്ട് ഗോളുകള്‍ കൂടി ജെസിന്‍റെ ബൂട്ടില്‍ നിന്ന് പിറന്നു. അര്‍ജുന്‍ ജയരാജന്‍ കൂടി സ്കോര്‍ ചെയ്തതോടെ കേരളത്തിന്‍റെ പട്ടിക പൂര്‍ത്തിയായി. ഒറ്റപ്പെട്ട ആക്രമണങ്ങളുമായി കര്‍ണാടക തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും രണ്ട് ഗോള്‍ മാത്രമാണ് രണ്ടാം പകുതിയില്‍ അവര്‍ക്ക് നേടാനായത്. അങ്ങനെ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ കേരളം കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്ത് ഫൈനലില്‍. .

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News