സൗദി സ്വദേശിവത്കരണം; അവധി ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പരിശോധന

ടെക്സ്റ്റൈല്‍, വാഹന വില്‍പന, വീട്ടുപകരണ മേഖലകളിലാണ് നിലവില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വിട്ടു വീഴ്ചയുണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു

Update: 2018-09-25 19:12 GMT

അവധി ദിനം കഴിഞ്ഞതോടെ സൌദിയുടെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ മന്ത്രാലയം സ്വദേശിവത്കരണ പരിശോധന തുടങ്ങി. നാല് മേഖലകളില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണം പാലിക്കാത്ത മുന്നൂറ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും പിഴയും നല്‍കി. ചില സ്ഥാപനങ്ങള്‍ നടപടി ക്രമം പൂര്‍ത്തിയാക്കുന്നത് വരെ അടപ്പിച്ചു.

സെപ്തംബര്‍ 11ന് ആരംഭിച്ചതാണ് നാലു മേഖലയിലെ സ്വദേശിവത്കരണം. 12 മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ ഒന്നാം ഘട്ടമാണിത്. തൊഴില്‍ മന്ത്രാലയം പുറത്ത് വിട്ട കണക്ക് അനുസരിച്ച് ആറായിരത്തോളം സ്ഥാപനങ്ങളില്‍ പരിശോധന പൂര്‍ത്തിയാക്കി. ഇതില്‍ മുവ്വായിരത്തിലേറെ സ്ഥാപനങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചതായി കണ്ടെത്തി.

Advertising
Advertising

ഇതിനിടയിലാണ് ദേശീയ ദിനത്തിന്റെ നാലു ദിവസത്തെ അവധി വന്നത്. ഇത് കഴിഞ്ഞ് ആരംഭിച്ച പരിശോധനയില്‍ മുന്നൂറ് സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം പാലിക്കാത്തതായി കണ്ടെത്തി. ഇവിടെ പിഴയും മുന്നറിയിപ്പും നല്‍കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ചില കടകള്‍ താല്‍ക്കാലികമായി അടപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ചട്ടങ്ങള്‍ പൂര്‍ത്തിയാക്കി പിഴയടച്ചാല്‍ കട തുറക്കാം.

ടെക്സ്റ്റൈല്‍, വാഹന വില്‍പന, വീട്ടുപകരണ മേഖലയിലാണ് നിലവില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വിട്ടു വീഴ്ചയുണ്ടാകില്ലെന്ന് മന്ത്രാലയം അറിയിച്ചു. കണക്കുകള്‍ പ്രകാരം സ്വദേശിവത്കരണം ബാധകമായ മേഖലയില്‍ പന്ത്രണ്ട് ലക്ഷത്തോളം ജീവനക്കാരുണ്ട്.

Tags:    

Similar News