സൗദിയിലും യു.എ.ഇലും ശക്തമായ മഴ തുടരുന്നു; വിവിധയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു

വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യത

Update: 2018-11-25 18:52 GMT

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴയില്‍ റോഡുകളും അണ്ടര്‍പാസുകളും വെള്ളകെട്ടുകളായി. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്ത് രണ്ടാഴ്ചയായി കൂടിയും കുറ‍ഞ്ഞും തുടരുന്ന മഴ വീണ്ടും ശക്തമാവുകയാണ്. കിഴക്കന്‍ പ്രവിശ്യയിലാണ് ശക്തമായ മഴ ലഭിച്ചത്. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴ ഉച്ചവരെ തുടര്‍ച്ചയായി പെയ്തു. ദമ്മാം, അല്‌ഖോബാര്‍, ജുബൈല്‍ തുടങ്ങി പ്രവിശ്യയിലെ മിക്കയിടങ്ങളിലും ശക്തമായ ഇടി മിന്നലോടു കൂടിയ മഴയാണ് പെയ്തത്. റോഡുകളിലും അണ്ടര്‍പാസുകളിലും വെള്ളം നിറഞ്ഞതോടെ മിക്ക ഹൈവേകളിലും ഗതാഗത തടസ്സം നേരിട്ടു.

Advertising
Advertising

മഴ ശക്തമായതോടെ പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ച മുതല്‍ അവധി നല്‍കി. മിക്ക സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഉച്ചക്ക ശേഷം അവധി നല്‍കി. പടിഞ്ഞാറന്‍, മധ്യ പ്രവിശ്യകളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വരുന്ന രണ്ടു ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തമ്പടിക്കുന്നതും ദീര്‍ഘദൂര യാത്രയും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് കാലവര്‍ഷകെടുതിയില്‍ ഇതുവരെയായി മുപ്പത്തിയഞ്ച് ജീവനുകളാണ് പൊലിഞ്ഞത്.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. ദുബൈയില്‍ വലിയ തോതിൽ ഗതാഗത തടസത്തിനും മഴ കാരണമായി. അടുത്ത ദിവസങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Full View

ശൈത്യകാലത്തിന്റെ വിളംബരം എന്ന നിലക്കു തന്നെയാണ്
പുതിയ കാലാവസ്ഥാ വ്യതിയാനം. മിക്ക എമിറേറ്റുകളിലും സാമാന്യം കനത്ത തോതിൽ തന്നെയാണ് മഴ ലഭിച്ചത്. വൈകീട്ടു തന്നെ ആകാശം മേഘാവൃതമായിരുന്നു. രാത്രി അപ്രതീക്ഷിതമായി കാലവർഷം എത്തിയതിന്റെ ത്രില്ലിലായിരുന്നു പലരും. രാജ്യത്ത് പലയിടങ്ങളിലും തണുപ്പ് കൂടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്
ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. പ്രധാന റോഡുകളിൽ ഗതാഗത തടസം നേരിട്ടു. ഒാഫീസുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയവർ ശരിക്കും വലഞ്ഞു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കേണ്ട ടി 10 ക്രിക്കറ്റ് മൽസരം ഉൾപ്പെടെ ഒട്ടേറെ പരിപാടികളെയാണ് പ്രതികൂല കാലാവസ്ഥ ബാധിച്ചത്.

Full View

ചിലയിടങ്ങളിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ പരമാവധി ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.

Tags:    

Similar News