24 മണിക്കൂറിനുള്ളിൽ ലൈസൻസ്!; 2025-ൽ സൗദി നൽകിയത് 5.74 ലക്ഷം മുനിസിപ്പൽ ലൈസൻസുകൾ
2,02,000-ലധികം വാണിജ്യ ലൈസൻസുകൾ നൽകി
റിയാദ്: നഗര പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞവർഷം 5,74,000-ലധികം മുനിസിപ്പൽ ലൈസൻസുകൾ അനുവദിച്ച് സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം. അംഗീകൃത ലൈസൻസിങ് സംവിധാനത്തിലൂടെ വളരെ വേഗത്തിലായിരുന്നു ഈ അപേക്ഷകൾ പൂർത്തിയാക്കിയത്. ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ശരാശരി 24 മണിക്കൂറിനുള്ളിൽ ലൈസൻസുകൾ അനുവദിക്കാൻ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കരുത്തേകാനായി 2,02,000-ലധികം വാണിജ്യ ലൈസൻസുകൾ നൽകി. നിർമാണ മേഖലയിൽ 78,000 ബിൽഡിങ് പെർമിറ്റുകളും 66,000 ഒക്യുപ്പൻസി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നവീകരണ പ്രവർത്തനങ്ങൾക്കായി 8,400 പുനരുദ്ധാരണ പെർമിറ്റുകളും, 4,700 പൊളിച്ചുനീക്കൽ പെർമിറ്റുകളും, 4,700 ലാന്റ് ഫെൻസിംങ് പെർമിറ്റുകളും അനുവദിച്ചു. കൂടാതെ ഏകദേശം 1,99,000 ഖനന പെർമിറ്റുകളും, നിലവിലുള്ള കെട്ടിടങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള 7,000 അനുമതി പത്രങ്ങളും നൽകിയിട്ടുണ്ട്.