1.37 ലക്ഷം സന്ദർശകർ; റിയാദിലെ വേൾഡ് ഡിഫൻസ് ഷോക്ക് സമാപനം
60 സൈനിക, പ്രതിരോധ കരാറുകൾ ഒപ്പുവച്ചു
റിയാദ്: ഫെബ്രുവരി എട്ട് മുതൽ റിയാദിൽ നടന്ന വേൾഡ് ഡിഫൻസ് ഷോ അവസാനിച്ചു. കഴിഞ്ഞ ദിവസമാണ് മൂന്നാം പതിപ്പ് അവസാനിച്ചത്. അഞ്ച് ദിവസത്തെ പരിപാടിയിൽ 89 രാജ്യങ്ങളിൽ നിന്നുള്ള 1,486 പ്രദർശകരാണ് പങ്കെടുത്തിരുന്നത്. 137,000 സന്ദർശകരും എത്തി. 121 രാജ്യങ്ങളിൽ നിന്നുള്ള 513 ഔദ്യോഗിക പ്രതിനിധികളും പങ്കെടുത്തു. ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസാണ് ഷോ സംഘടിപ്പിച്ചത്.
അതേസമയം, വേൾഡ് ഡിഫൻസ് ഷോയിൽ 3300 കോടി സൗദി റിയാലിന്റെ (8.8 ബില്യൺ ഡോളർ) 60 ലധികം കരാറുകൾ ഒപ്പുവച്ചു. സൈനിക വ്യവസായ മേഖല വികസിപ്പിക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു പ്രതിരോധ പ്രദർശനം.
ലോകത്തിലെ മികച്ച 10 പ്രതിരോധ കമ്പനികൾ ഷോയിൽ പ്രദർശനത്തിനെത്തിയതായി വേൾഡ് ഡിഫൻസ് ഷോയുടെ സിഇഒ ആൻഡ്രൂ പിയേഴ്‌സി വ്യക്തമാക്കി. ആഗോള പ്രതിരോധ വ്യവസായത്തിൽ നിന്നുള്ള ഈ പങ്കാളിത്തം സൗദിയുടെ സൈനിക വ്യവസായ മേഖലക്കും വേൾഡ് ഡിഫൻസ് ഷോക്കും ലഭിക്കുന്ന അന്താരാഷ്ട്ര സ്വീകാര്യതയാണ് കാണിക്കുന്നതെന്നും പിയേഴ്‌സി അഭിപ്രായപ്പെട്ടു.
വേൾഡ് ഡിഫൻസ് ഷോയിൽ 355 തത്സമയ പ്രകടനങ്ങളും 700-ലധികം മിലിട്ടറി വസ്തുക്കളും പ്രദർശിപ്പിച്ചിരുന്നു. വ്യോമ പരിപാടിയിൽ F-15, F-16, F-35, ടൈഫൂൺ വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്ന 63 വിമാനങ്ങളുണ്ടായിരുന്നു. 25 വിമാനങ്ങൾ തത്സമയ ഫ്ളൈറ്റ് പ്രകടനങ്ങൾ നടത്തി. സൗദി ഹോക്‌സും കൊറിയൻ ബ്ലാക്ക് ഈഗിൾസും ശ്രദ്ധേയമായ ആകാശ പ്രദർശനങ്ങൾ നടത്തി. ആളില്ലാ സംവിധാനങ്ങളും പ്രദർശിപ്പിച്ചു. വേൾഡ് ഡിഫൻസ് ഷോയുടെ അടുത്ത പതിപ്പിന് മിലിട്ടറി ഇൻഡസ്ട്രീസ് ജനറൽ അതോറിറ്റി തയ്യാറെടുപ്പ് ആരംഭിച്ചു. 2028ലാണ് അടുത്ത വേൾഡ് ഡിഫൻസ് ഷോ നടക്കുക. നാലാമത് പതിപ്പാണ് നടക്കുക. വിഷൻ 2030 അനുസരിച്ചാണ് പരിപാടി.
പ്രതിരോധത്തിനായുള്ള പണം സൗദിയിൽ ചെലവിടുന്നത് വർധിച്ചു
പ്രതിരോധത്തിനായുള്ള പണം സൗദിയിൽ ചെലവിടുന്നത് വർധിച്ചതായി മിലിട്ടറി ഇൻഡസ്ട്രീസ് ജനറൽ അതോറിറ്റി ഗവർണർ അഹമ്മദ് അൽ ഒഹാലി. വിഷൻ 2030 പ്രകാരം പ്രതിരോധ ചെലവ് പ്രാദേശികവത്ക്കരിക്കാനുള്ള വിശാല ശ്രമമാണ് വേൾഡ് ഡിഫൻസ് ഷോയെന്നും ഗവർണർ പറഞ്ഞു.
2018 ൽ സൗദിയിൽ നിന്നുള്ളത് മൊത്തം സൈനിക ചെലവിന്റെ 4 ശതമാനമായിരുന്നു. എന്നാലത് 2024 അവസാനത്തോടെ 25 ശതമാനമായി ഉയർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ കേഡറുകളുടെ എണ്ണം 2020-ൽ 25,000 പുരുഷ-വനിതാ ജീവനക്കാരായിരുന്നു. എന്നാലിത് 34,000 ആയി വർധിച്ചുവെന്നും 40 ശതമാനമാണ് വർധനവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.