ഫലസ്തീന് അമേരിക്ക നിര്‍ത്തലാക്കിയ ധനസഹായം സൗദി നല്‍കും
അഭയാര്‍ഥി ഏജന്‍സിക്കുള്ള സഹായം അമേരിക്ക നിര്‍ത്തിവെച്ചതിന് പിറകെയാണ് സൗദിയടക്കമുള്ള രാജ്യങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയത്
ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിക്ക് സൗദി അറേബ്യ അമ്പത് ദശലക്ഷം ഡോളര്‍ സഹായം നല്‍കും. ഇതിനായുള്ള ധാരണാപത്രം റിയാദില്‍ വെച്ച് ഒപ്പു വെച്ചു. ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിയുമായാണ് കരാര്‍ ഒപ്പിട്ടത്.
കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രവും ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സിയും സഹകരിച്ചാണ് പദ്ധതി. നേരത്തെ അഭയാര്‍ഥി ഏജന്‍സിക്കുള്ള സഹായം അമേരിക്ക നിര്‍ത്തിവെച്ചിരുന്നു. 20 ദശലക്ഷം ഡോളറാണ് അമേരിക്ക നിര്‍ത്തിവെച്ചത്. ഇതിന് പിന്നാലെയാണ് സൗദിയടക്കമുള്ള രാജ്യങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയത്. ഇന്ന് റിയാദില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കിങ് സല്‍മാന്‍ റിലീഫ് സെന്റര്‍ മേധാവി അബ്ദുള്ള അല്‍ റബീഅ കരാറില്‍ ഒപ്പു വെച്ചു.
ഫലസ്തീന്‍ അഭയാര്‍ഥി ഏജന്‍സി പ്രതിനിധിയാണ് കരാര്‍ ഏറ്റുവാങ്ങിയത്. അടുത്ത വര്‍ഷത്തേക്കുള്ള സൗദി വിദേശകാര്യ നയത്തില്‍ പ്രഥമ പരിഗണന ഫലസ്തീന്‍ വിഷയത്തിനാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചിരുന്നു.