സൗദിയിലെ റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുന്ന വിഷയം പരിഗണനയില്‍- ഗതാഗത മന്ത്രി

ഗതാഗത വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്

Update: 2018-12-05 18:48 GMT

സൗദിയിലെ റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുന്ന വിഷയം പരിഗണനയിലും പഠനത്തിലുമാണെന്ന് ഗതാഗത മന്ത്രി നബീല്‍ അല്‍ ആമൂദി. ഗതാഗത വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

പ്രമുഖ ആറ് ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്. സൗദി വിഷന്‍ 2030ന്‍റെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. റോഡ് ടാക്സിന് ഉന്നതസഭയുടെ അംഗീകാരം ലഭിച്ചാല്‍ 2020 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വകുപ്പുമന്ത്രി പറഞ്ഞു.

Advertising
Advertising

എന്നാല്‍ ഏതെല്ലാം ആറ് ഹൈവേകള്‍ എന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. റോഡ് വികസനം, ഹൈവേകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തല്‍ തുടങ്ങിയ പദ്ധതികളാണ് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. പദ്ധതികളില്‍ മുതല്‍മുടക്കാന്‍ വിദേശ കമ്പനികള്‍ക്കും അവസരം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ചരക്കുഗതാഗത വാഹനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും സുരക്ഷ ഉറപ്പുവരുത്താനും മന്ത്രാലയം ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. നഗരത്തിലുള്ള റോഡുകളുടെ മേല്‍നോട്ടവും സുരക്ഷയും തദ്ദേശഭരണ മന്ത്രാലയം നിര്‍വഹിക്കുമ്പോള്‍ നഗരത്തിന് പുറത്തുള്ളവയുടെ മേല്‍നോട്ടം ഗതാഗത മന്ത്രാലയത്തിനായിരിക്കും.

Tags:    

Similar News