സൗദിയിൽ ലെവി പുനപരിശോധ ഫലം ഒരുമാസത്തിനകം
നിരവധി കമ്പനികളും സ്ഥാപനങ്ങളും അടച്ച് പൂട്ടിയതും, ഫ്ലാറ്റുകൾ കാലിയാകുന്നതും പൌരന്മാർക്ക് തൊഴിൽ നഷ്ടപ്പെടുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്
സൗദിയിൽ വിദേശികൾക്കേർപ്പെടുത്തിയ ലെവി പുനപരിശോധ ഫലം ഒരുമാസത്തിനകം അറിയാമെന്ന് വാണിജ്യ മന്ത്രി. ലെവി സംബന്ധിച്ച് പഠിക്കാന്‍ സാമ്പത്തിക മന്ത്രാലയം ചുമതലപ്പെടുത്തിയ പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം മന്ത്രാലയം തീരുമാനമെടുക്കും. കമ്പനികളും സ്ഥാപനങ്ങളും അടച്ച് പൂട്ടുന്നതിന്റ കാരണം ലെവി മാത്രമാണെന്ന് പറയാനാകില്ല.
വിദേശികൾക്കും അവരുടെ ആശ്രിതർക്കും ഏർപ്പെടുത്തിയ ലെവി സംബന്ധിച്ച് പഠനം നടത്താൻ പ്രത്യേക വിഭാഗത്തെ നിയോഗിച്ചിരുന്നതായി വാർത്ത നേരത്തെ മീഡിയവണ്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പഠന റിപ്പോർട്ട് ഇപ്പോൾ സാമ്പത്തിക വികസന സമിതിക്ക് മുമ്പാകെ സമർപ്പിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഒരുമാസത്തിനകം അറിയാം.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബി ഇക്കാര്യം പറഞ്ഞത്. നിരവധി കമ്പനികളും സ്ഥാപനങ്ങളും അടച്ച് പൂട്ടിയതും, ഫ്ലാറ്റുകൾ കാലിയാകുന്നതും പൌരന്മാർക്ക് തൊഴിൽ നഷ്ടപ്പെടുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എന്നാൽ അതിനെല്ലാം കാരണം ലെവിയാണെന്ന് പറയാറായിട്ടില്ല. പദവി ശരിയാക്കലും, ഡിജിറ്റൽ വ്യവഹാരത്തിലേക്കുള്ള മാറ്റവും, സർക്കാരിൻ്റെ ചെലവ് ചുരുക്കൽ നടപടിയുമെല്ലാം ഇതിന് കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാടിൻ്റേയും പൌരന്മാരുടേയും നന്മ ഉദ്ദേശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലെവി പ്രത്യേക സംഖ്യയായി നിജപ്പെടുത്തുന്ന രീതിയും പരിഗണനയിലുണ്ട്. നിലവിൽ രാജ്യത്തിൻ്റെ താൽപര്യം ലെവി നിലനിര്‍ത്തണമെന്നാണെങ്കിലും അത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് സാമ്പത്തിക വികസന സമിതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.