കിംഗ് ഫെെസല്‍ അന്താരാഷ്ട്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും

Update: 2019-01-10 21:35 GMT

കിംഗ് ഫൈസൽ അന്താരാഷ്ട്ര അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ആറു അവാർഡ് ജേതാക്കളിൽ നാല് പേരും അമേരിക്കയിൽ നിന്നുള്ളവരാണ്. സുഡാനിലെ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ആഫ്രിക്ക എന്ന സ്ഥാപനത്തിനാണ് ഇസ്‍‍‍ലാമിക സേവനത്തിനുള്ള പുരസ്‌കാരം. ഇതാദ്യമായാണ് വ്യക്തികൾക്ക് പകരം ഒരു സ്ഥാപനത്തിന് അവാർഡ് നൽകുന്നത്. പുരസ്കാരം സൽമാൻ രാജാവ് പിന്നീട് വിതരണം ചെയ്യും.

റിയാദിലെ ഫൈസലിയ ഹോട്ടലിൽ അമീർ സുൽത്താൻ ഹാളിൽ വെച്ചായിരുന്നു 41മത് കിംഗ് ഫൈസൽ അന്താരാഷ്‌ട്ര അവാർഡ് പ്രഖ്യാപനം. മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിന്റെ സാന്നിധ്യത്തിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽ സുബൈൽ ആണ് ജേതാക്കളെ പ്രഖ്യാപിച്ചത്. മൊറോക്കോയിൽ നിന്നുള്ള യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. അബ്ദുൽ അലി മുഹമ്മദ് ദുജൈരി, ഈജിപ്തിലെ കൈറോ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. മഹ്മൂദ് ഫഹ്മി ഹിജാസി എന്നിവർ അറബി ഭാഷ- സാഹിത്യം വിഭാഗത്തിലെ അവാർഡിനു അർഹരായി.

Advertising
Advertising

വൈദ്യശാസ്ത്ര വിഭാഗത്തിൽ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ബിയോറൻ ഓൾസൺ, വാഷിങ്ടൺ യുണിവേഴ്സിറ്റി പ്രൊഫസർ സ്റ്റീവൺ ടൈറ്റിൽബോൺ എന്നിവരും, ശാസ്ത്ര വിഭാഗത്തിൽ ടെക്‌സാസ് അമേരിക്കൻ യൂണിവേഴ്‌സിറ്റി പ്രൊഫസർ അലൻ ജോസഫ് ബാർഡ്, ജിദ്ദയിലെ കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി പ്രൊഫസറും അമേരിക്കൻ പൗരനുമായ ജോൺ ഫ്രെയ്സി എന്നിവരും ജേതാക്കളായി.

Full View

നാമനിർദേശം ലഭിച്ച അപേക്ഷകളിൽ യോഗ്യരായവർ ഇല്ലാതിരുന്നതിനാൽ ഇസ്ലാമിക പഠനങ്ങൾ എന്ന വിഭാഗത്തിൽ ഈ വർഷം അവാർഡ് നൽകിയിട്ടില്ല. പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും.

Tags:    

Similar News