യോഗ്യരായ സ്വദേശികളുടെ കുറവ്, 70,000 സ്ഥാപനങ്ങൾക്ക് വിസ അനുവദിച്ച് സൗദി

എന്‍ജിനീയറിങും മെഡിക്കലുമടക്കം എഴുപതിനായിരം സ്ഥാപനങ്ങള്‍ക്കാണ് വിസ ലഭിക്കുക. നിതാഖാത് വ്യവസ്ഥയില്‍ ഉന്നത നിലയിലുള്ള സ്ഥാപനങ്ങള്‍ക്ക് അതിവേഗത്തില്‍ വിസ അനുവദിക്കും.

Update: 2019-01-18 13:59 GMT

യോഗ്യരായവരുടെ അഭാവത്തില്‍ വിവിധ തൊഴിലുകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യാന്‍ സൗദി അറേബ്യ. സൗദി ഭരണകൂടത്തിന്റെ തീരുമാനം പ്രവാസികള്‍ക്ക് ഗുണമാകും. എന്‍ജിനീയറിങും മെഡിക്കലുമടക്കമുള്ള മേഖലകളിലെ എഴുപതിനായിരം സ്ഥാപനങ്ങള്‍ക്കാണ് വിസ ലഭിക്കുക. നിതാഖാത് വ്യവസ്ഥയില്‍ ഉന്നത നിലയിലുള്ള സ്ഥാപനങ്ങള്‍ക്ക് അതിവേഗത്തില്‍ വിസ അനുവദിക്കും.

സ്വദേശികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ പ്രയാസപ്പെടാതിരിക്കാനാണ് പുതിയ തീരുമാനമെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വിശദീകരിച്ചു. നിബന്ധനകള്‍ക്ക് വിധേയമായാണ് പുതിയ വിസ നല്‍കുക. ഗുണം പക്ഷേ എഴുപതിനായിരം സ്ഥാപനങ്ങള്‍ക്ക് ലഭിക്കും. ഇവര്‍ക്ക് എത്ര വിസകളാണ് അനുവദിക്കുക എന്നത് വ്യക്തമല്ല. നിതാഖാത് വ്യവസ്ഥയില്‍ കൂടുതല്‍ സ്വദേശികളെ നിയമിച്ച കമ്പനികള്‍ക്കാണ് നേട്ടം. പ്ളാറ്റിനം, ഉയര്‍ന്ന പച്ച എന്നീ കാറ്റഗറിയില്‍ പെട്ടവര്‍ക്കാണ് വിസ അനുവദിക്കുക.

Advertising
Advertising

പ്ളാറ്റിനം ഗണത്തിലുള്ള 28,000 സ്ഥാപനങ്ങള്‍ക്കും ഉയര്‍ന്ന പച്ച ഗണത്തിലുള്ള 42,000 സ്ഥാപനങ്ങള്‍ക്കും വിസ ലഭിക്കും. സ്വദേശികള്‍ ലഭ്യമല്ലാത്ത അപൂര്‍വ തൊഴിലുകളിലാണ് ആനുകൂല്യം.‌ എന്‍ജിനീയറിങ്, മെഡിസിന്‍, ഐ.ടി, നഴ്‌സിങ്, ഫാര്‍മസി, അക്കൌണ്ടിങ് മേഖലക്കെല്ലാം നീക്കം ഗുണമാകും. കമ്പനികള്‍ ഇതിനായി നേരത്തെ ഈ തസ്തികയിലുണ്ടായിരുന്ന വിദേശികള്‍ രാജ്യം വിട്ടതിന്റെ രേഖ കാണിക്കണം. വിസ അപേക്ഷയോടൊപ്പമാണ് ഇത് സമര്‍പ്പിക്കേണ്ടത്. അതേസമയം, വിദേശ റിക്രൂട്ടിങ് അനിയന്ത്രിതമായി വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മന്ത്രാലയം 68 ഇന തൊഴില്‍ നയം പുറത്തിറക്കിയിരുന്നു. ഇതില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

Tags:    

Similar News