വിമാന യാത്രയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുമായി സൗദി

രാജ്യത്തിന് പുറത്ത് യു.എ.യിലേക്കാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തിരിക്കുന്നത്

Update: 2019-03-18 02:09 GMT

സൗദിയിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. മുൻ വർഷത്തെ അപേക്ഷിച്ച് എട്ടു ശതമാനം വർദ്ധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതൽ പേര്‍ സഞ്ചരിച്ചത്.

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. 2018 ൽ മാത്രം 9,98,60,000 പേരായിരുന്നു സൗദിയിൽ വിമാനയാത്രക്കാർ. ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി 7,71,828 വിമാന സർവീസുകൾ മുഖേനയാണ് ഇത്രയും പേർ യാത്ര ചെയ്തത്.

7,41,893 വിമാനസർവീസുകളിലായി 9,73,00,000 അന്താരാഷ്‌ട്ര യാത്രക്കാരും 29,935 ആഭ്യന്തര സർവീസുകളിലായി 26 ലക്ഷം യാത്രക്കാരുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017 വർഷത്തേക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 8 ശതമാനം വർദ്ധനവും വിമാനസർവീസുകളുടെ എണ്ണത്തിൽ 4 ശതമാനവുമാണ് വർദ്ധനവ്.

മൊത്തം യാത്രക്കാരിൽ 3,58,00,000 പേരും യാത്ര ചെയ്തത് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരുന്നു. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാം കിംഗ് ഫഹദ് അന്തരാഷ്ട്ര വിമാനത്താവളം എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്.

രാജ്യത്തിന് പുറത്ത് യു.എ.യിലേക്കാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തിരിക്കുന്നത്. തൊട്ടു പിറകിൽ ഈജിപ്തിലേക്കും. അന്താരാഷ്ട്ര സർവീസുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് പാക്കിസ്ഥാനും നാലാം സ്ഥാനത്ത് ഇന്ത്യയും അഞ്ചാം സ്ഥാനത്ത് തുർക്കിയുമാണുള്ളത്.

Tags:    

Similar News