ട്രാവല്‍ ഏജന്റ് ചതിച്ചു; ഉംറ തീര്‍ഥാടകരുടെ യാത്ര മുടങ്ങി

പാലക്കാടുള്ള ഗ്ലോബല്‍‌‍ ഗൈഡ് ട്രാവല്‍സിന് കീഴില്‍ ഉംറക്കെത്തിയവരുടെ മടക്ക യാത്രയാണ് ഇന്നലെ മുടങ്ങിയത്

Update: 2019-05-08 20:49 GMT

മക്കയില്‍ ഉംറക്കെത്തി ട്രാവല്‍ ഏജന്റ് ചതിച്ചതോടെ കുടുങ്ങിയ 33 തീര്‍ഥാടകരുടെ യാത്ര മുടങ്ങി. പാലക്കാട് മണ്ണാര്‍ക്കാട് ഗ്ലോബല്‍ ഗൈഡ് ട്രാവല്‍സിന് കീഴിലെത്തിയ തീര്‍ഥാടകരുടെ മടക്ക യാത്രാ ടിക്കറ്റ്, ഏജന്റ് റദ്ദാക്കിയതോടെയാണ് തീര്‍ഥാടകര്‍ കുടുങ്ങിയത്. എംബസിയും കോണ്‍സുലേറ്റും ഇടപെട്ട് മടക്ക യാത്രക്ക് സംവിധാനമുണ്ടാക്കാമെന്ന ഉറപ്പിന്മേല്‍ തീര്‍ഥാടകരെ ജിദ്ദയിലെ ഹോട്ടലിലേക്ക് മാറ്റി.

പാലക്കാടുള്ള ഗ്ലോബല്‍‌‍ ഗൈഡ് ട്രാവല്‍സിന് കീഴില്‍ ഉംറക്കെത്തിയവരുടെ മടക്ക യാത്രയാണ് ഇന്നലെ മുടങ്ങിയത്. ആകെയുള്ള 84 പേരില്‍ മുപ്പതിലേറെ പേരായിരുന്നു ഇന്നലെ ഉച്ചക്കുള്ള വിമാനത്തില്‍ മടങ്ങേണ്ടിയിരുന്നത്. ട്രാവല്‍ ഏജന്റ് ടിക്കറ്റ് ക്യാന്‍സല്‍‌ ചെയ്ത് റീഫണ്ട് ചെയ്തെന്നാണ് എയര്‍ ലൈന്‍സുകള്‍ നല്‍കുന്ന വിശദീകരണം.

Advertising
Advertising

സാധാരണ ഉംറ തീര്‍ഥാടകരെ ഒന്നിച്ച് ഒരു വിമാനത്തിലാണ് ഏജന്‍സുകള്‍ കൊണ്ടു വരാറ്. പക്ഷേ, വ്യത്യസ്ത എയര്‍ലൈന്‍സുകളില്‍ ഘട്ടം ഘട്ടമായി ബുക്ക് ചെയ്താണ് ഇവരെ എത്തിച്ചത്. ഇതോടെ യാത്രക്കാരെ ആര് നാട്ടിലെത്തിക്കുമെന്നായി ചര്‍ച്ച. ഒടുവില്‍ എംബസി-കോണ്‍സുലേറ്റ് പ്രതിനിധികളും എയര്‍ലൈന്‍സ് അധികൃതരും തീര്‍ഥാടകരുടെ സൗദി ഏജന്‍സിയും തമ്മില്‍ ചര്‍ച്ച നടത്തി.

വരും ദിനങ്ങളില്‍ ഘട്ടം ഘട്ടമായി വിമാനങ്ങളില്‍ ഇവരെ നാട്ടിലെത്തിക്കുമെന്നാണ് ഉംറ ഏജന്‍സിയില്‍ നിന്നും ലഭിച്ച ഉറപ്പ്. ഇതിനായി തീര്‍ഥാടകരെ ജിദ്ദയിലെ ഹോട്ടലിലേക്ക് മാറ്റി. വരും ദിനങ്ങളിലും മടങ്ങാനുള്ളവരെ സമാന രീതിയില്‍ തിരിച്ചയക്കുമെന്ന പ്രതീക്ഷയിലാണ് തീര്‍ഥാടകര്‍.

Tags:    

Similar News