തര്‍ഹീലില്‍ ഉള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം നാളെ പുറപ്പെടും; സൗജന്യ യാത്രയൊരുക്കി സൗദി ഭരണകൂടം
സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 210 പേരെ നാളെ ഇന്ത്യയിലെത്തിക്കും. റിയാദ്, ദമ്മാം തര്‍ഹീലുകളില്‍ കഴിയുന്നവരേയാണ് ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്നത്. ഇതില്‍ 30-നടുത്ത് മലയാളികളുമുണ്ട്. റിയാദ് തർഹീലിൽ നിന്നും 150 പേരും ദമാം തർഹീലിൽ നിന്നും 60 പേരുമാണ് റിയാദ് വിമാനത്താവളം വഴി പുറപ്പെടുക.
രാവിലെ ഒമ്പത് മണിക്കാണ് വിമാനം പുറപ്പെടുക. കഴിഞ്ഞ ജനുവരി മുതല്‍ തൊഴിൽ, താമസ രേഖകളില്ലാത്ത കുറ്റത്തിന് പിടിയിലായവരാണിവര്‍. സൗദി ഭരണകൂടമാണ് ഇവര്‍ക്കുള്ള യാത്രാ ചിലവ് വഹിക്കുക. നാന്നൂറിലേറെ പേരാണ് വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളിലായി സൌദിയിലുള്ളത്. നാട്ടില്‍ പോകാന്‍ പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് ഔട്ട്പാസ് എംബസിയില്‍ നിന്നും നല്‍കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതാണ് സൌദിയില്‍ നിന്നും ഇവരെ നാട്ടിലെത്തിക്കുന്നത് വൈകാനിടയാക്കിയത്. വരും ദിനങ്ങളില്‍ ബാക്കിയുള്ളവരെ കൂടി നാട്ടിലെത്തിക്കും. ദമ്മാമിലുള്ളവരെ റിയാദിലെത്തിച്ചാകും യാത്ര. കോവിഡ് സാഹചര്യത്തില്‍ ജാമ്യം നല്‍കി പുറത്ത് വിട്ടവര്‍ക്കും ഈ വിമാനത്തില്‍ യാത്ര ചെയ്യാം.