സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു
ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 28 ആയി
സൗദിയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്പ് സ്വദേശി വിളഞ്ഞിപ്പുലാന്‍ ശഫീഖ്(43), കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി മാമ്പചന്ദ്രോത്ത് കുന്നുമ്പുറം പി.സി സനീഷ്(37) എന്നിവരാണ് ഇന്ന് മരിച്ചത്. റിയാദിലെ ബത്ഹയില്‍ ടയര്‍ കട ജീവനക്കാരനായിരുന്നു മരിച്ച ശഫീഖ്. കോവിഡ് ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നത്. അന്ന് രോഗം ഗുരുതരമല്ലെന്ന് കാണിച്ച് തിരിച്ചയക്കുകയായിരുന്നു. ഇന്ന് രാവിലെ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ടാഴ്ചയോളമായി കോവിഡ് ലക്ഷണങ്ങളോടെ ചികില്‍സയിലായിരുന്നു കണ്ണൂര്‍ സ്വദേശി സനീഷ്. ഇതിനു പുറമേ രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന അസുഖത്തിനും മാസങ്ങളായി ചികില്‍സയിലായിരുന്നു ഇദ്ദേഹം. റിയാദ് ശുമൈസിയിലെ ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായാണ് സനീഷ് ജോലി ചെയ്തിരുന്നത്.