സൌദിയിൽ ഇന്ന് മുതൽ പള്ളികൾ തുറക്കും
കോവിഡ് ജാഗ്രതയുടെ ഭാഗമായി അടച്ചിട്ടിരുന്ന പള്ളികൾ രണ്ടര മാസത്തിന് ശേഷമാണ് തുറക്കുന്നത്. മക്കയിൽ അടുത്ത മാസം 21 മുതലാണ് പള്ളികൾ തുറക്കുക.
സൌദിയിൽ ഇന്ന് മുതൽ പള്ളികൾ വിശ്വാസികൾക്ക് പ്രാർത്ഥനക്കായി തുറന്ന് കൊടുക്കും. കോവിഡ് ജാഗ്രതയുടെ ഭാഗമായി അടച്ചിട്ടിരുന്ന പള്ളികൾ രണ്ടര മാസത്തിന് ശേഷമാണ് തുറക്കുന്നത്. മക്കയിലൊഴികെ രാജ്യത്തെ മുഴുവൻ പള്ളികളിലും നമസ്കാരം ആരംഭിക്കും. ഇസ്‍ലാമിക കാര്യ മന്ത്രാലയം നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കണം പള്ളികൾ പ്രവർത്തിക്കേണ്ടത്.
മക്കയിൽ അടുത്ത മാസം 21 മുതലാണ് പള്ളികൾ തുറക്കുക. എന്നാൽ മക്കയിലെ ഹറം പള്ളിയിൽ പൊതുജനങ്ങൾക്കുള്ള വിലക്ക് തുടരും. അതേസമയം മദീനയിലെ മസ്ജിദ് നബവിയിൽ നാളെ മുതൽ തന്നെ നിയന്ത്രണങ്ങളോടെ വിശ്വാസികൾക്ക് പ്രവേശിക്കാം. കോവിഡ് ജാഗ്രതയുടെ ഭാഗമായി അടച്ചിട്ടിരുന്ന രാജ്യത്തെ മുഴുവൻ പള്ളികളും നാളെ മുതൽ തുറക്കും.
പള്ളികളിൽ അണുനശീകരണ പ്രവർത്തികൾ ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ബാങ്കിനും ഇഖാമത്തിനും ഇടക്ക് 10 മിനുട്ട് മാത്രമേ ദൈര്‍ഘ്യം പാടുള്ളൂ. നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ രണ്ട് മീറ്ററും വരികൾക്കിടയിൽ ഒരു വരിയുടെ അകലവും പാലിക്കണം. വിശ്വാസികൾ വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്തിയാണ് പള്ളികളിലെത്തേണ്ടത്.
ജുമുഅഃയുടെ 20 മിനുട്ട് മുമ്പ് പള്ളി തുറക്കുകയും, നമസ്‌കാരത്തിന് 20 മിനുട്ടിന് ശേഷം അടക്കുകയും വേണം. 15 മിനുട്ടിലധികം ഖുതുബ പ്രഭാഷണം ദീര്‍ഘിപ്പിക്കരുതെന്നും, ആദ്യ ബാങ്ക് നമസ്‌കാരത്തിന് 20 മിനുട്ട് മുമ്പായിരിക്കണമെന്നും മന്ത്രാലയം പ്രസിദ്ധീകരിച്ച വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നു.