സൗദിയില്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ തടയാന്‍ പ്രത്യേക സമിതി
രാജ്യത്തെ എല്ലാ ബാങ്കുകളും ഉള്‍പ്പെടുന്ന പ്രത്യേക സമിതിയാണ് നിലവില്‍ വന്നത്.
സൗദി അറേബ്യയിലെ ബാങ്കിംഗ് തട്ടിപ്പുകള്‍ തടയുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചു. രാജ്യത്തെ എല്ലാ ബാങ്കുകളും ഉള്‍പ്പെടുന്ന പ്രത്യേക സമിതിയാണ് നിലവില്‍ വന്നത്. പണം തട്ടുന്ന രീതികളും അത് തടയുന്നതിനുള്ള മാര്‍ഗങ്ങളും സമിതി പുറത്തിറക്കും.
രാജ്യത്ത് ബാങ്കിംഗ് തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ബാങ്കിംഗ് ഇടപാടുകളും അതിന് ഉപയോഗിക്കുന്ന മാര്‍ഗങ്ങളും സുരക്ഷിതമാക്കുന്നതിന് ആവശ്യമായ നടപടികള്‍ക്കാണ് സമിതി രൂപം നല്‍കുക. ഇത് വഴി പൊതുജനങ്ങളെ പരമാവധി ബോധവല്‍ക്കരിക്കുകയും തട്ടിപ്പുകള്‍ പരമാവധി തടയുകയുമാണ് ലക്ഷ്യം. നിലവിലെ തട്ടിപ്പ് കേസുകള്‍ പഠിച്ച് ഭാവിയില്‍ ഇത് പരമാവധി തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് ദൗത്യം.
നിലവില്‍ രാജ്യത്ത് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് രഹസ്യ കോഡുകള്‍ ഉപയോഗിക്കാതെ തന്നെ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. നിശ്ചിത പരിധിയിലുള്ള തുകയാണ് ഇത്തരത്തില്‍ ഇടപാട് നടത്താന്‍ സാധിക്കുക. ഇത് പലപ്പോഴും കാര്‍ഡുകള്‍ നഷ്ടപ്പെടുന്നതിലൂടെ തട്ടിപ്പുകള്‍ നടത്താന്‍ ഉപയോഗിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഉടമ കാര്‍ഡ് നഷ്ടപ്പെട്ട ഉടന്‍ ബാങ്കില്‍ ബന്ധപ്പെട്ട് ബ്ലോക്ക് ചെയ്യുക മാത്രമാണ് പ്രതിവിധി.
ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിച്ചുള്ള തട്ടിപ്പാണ് മറ്റൊരു രീതി. ഇത് തടയാന്‍ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യാതൊരു കാരണവശാലും മറ്റൊരാള്‍ക്ക് കൈമാറാനോ പങ്ക് വെക്കുവാനോ പാടില്ലെന്നും സമിതി മുന്നറിയിപ്പ് നല്‍കി. സമ്മാനങ്ങളും നെറുക്കെടുപ്പുകളും ഏര്‍പ്പെടുത്തിയുള്ളതാണ് മറ്റൊരു തട്ടിപ്പ്. ഇത്തരം സംഘങ്ങള്‍ക്ക് ബാങ്ക് വിവരങ്ങളോ കാര്‍ഡ് വിവരങ്ങളോ കൈമാറരുതെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ബാങ്കിന്റെ ബ്രാഞ്ചുകളെ നേരിട്ട് സമീപിക്കുകയാണ് വേണ്ടതെന്നും സമിതി മുന്നറിയിപ്പ് നല്‍കി.