കോവിഡ് യാത്രാനിയന്ത്രണങ്ങൾക്ക് ശേഷം സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് രണ്ടേകാല്‍ ലക്ഷം പേര്‍

1295 വന്ദേഭാരത് വിമാനങ്ങള്‍ സര്‍വീസ് നടത്തി, 850 ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നും ഇന്ത്യന്‍ അംബാസിഡര്‍

Update: 2020-11-07 02:27 GMT
Advertising

കോവിഡ് യാത്രാ നിയന്ത്രണങ്ങൾക്ക് ശേഷം സൗദിയില്‍ നിന്ന് ഇതേവരെയായി രണ്ടേകാല്‍ ലക്ഷം പേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി എംബസി. ആയിരത്തി മുന്നൂറോളം വിമാനങ്ങളാണ് വന്ദേഭാരത് മിഷന് കീഴില്‍ സര്‍വീസുകള്‍ നടത്തിയത്. എണ്ണൂറ്റി അമ്പത് ഇന്ത്യക്കാര്‍ കോവിഡ് ബാധിച്ച് ഇതു വരെയായി സൗദിയില്‍ മരണപ്പെട്ടതായും എംബസി വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം 2,32,500 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സയ്യിദ് പറഞ്ഞു. വന്ദേഭാരത് മിഷനു കീഴില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനങ്ങളിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ഇതിനായി ആയിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയഞ്ച് സര്‍വീസുകളാണ് ഇതിനോടകം നടത്തിയത്. 1011 ചാര്‍ട്ടര്‍ വിമാനങ്ങളും, 276 എംബസി ഷെഡ്യൂള്‍ഡ് സര്‍വീസുകളും നടത്തി. ഇതിനു പുറമേ 2200 പേരെ നാട്കടത്തല്‍ കേന്ദ്രം വഴിയും നാട്ടിലെത്തിച്ചു. ഇന്ത്യ സൗദി വ്യോമ ഉടമ്പടി പ്രകാരം നാട്ടില്‍ കുടുങ്ങിയ ആരോഗ്യ മേഖലയിലുള്ള ജീവനക്കാരെ സൗദിയിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതായും അംബാസിഡര്‍ പറഞ്ഞു.

Full View

എണ്ണൂറ്റി അമ്പത് ഇന്ത്യക്കാര്‍ ഇതിനകം സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചതായും എംബസി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇവരില്‍ പലരും പലവിധത്തിലുള്ള മറ്റു അസുഖങ്ങള്‍ക്ക് ചികില്‍സ നടത്തി വന്നവരാണ്. എന്നാല്‍ മരിച്ചവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍ എംബസി പുറത്ത് വിട്ടിട്ടില്ല. ഇരുന്നൂറിനടത്ത് മലയാളികള്‍ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.

Tags:    

Similar News