പ്രവാസികളുടെ സൗദിയിലേക്കുള്ള മടക്കം: വൈകാതെ സാധ്യമായേക്കുമെന്ന് അംബാസിഡർ

അടുത്ത വർഷത്തെ ഹജ്ജിലേക്കുള്ള സൗദിയിലെ നടപടിക്രമങ്ങൾ സൗദി അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിച്ചാലുടൻ ആരംഭിക്കുമെന്നും അംബാസിഡർ

Update: 2020-11-08 02:50 GMT
Advertising

ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള വിമാന സർവ്വീസുകൾ സംബന്ധിച്ച ചർച്ചകൾ നടന്ന് വരുന്നതായി ഇന്ത്യൻ അംബാസിഡർ അറിയിച്ചു. വൈകാതെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടുത്ത വർഷത്തെ ഹജ്ജിലേക്കുള്ള സൗദിയിലെ നടപടിക്രമങ്ങൾ സൗദി അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിച്ചാലുടൻ ആരംഭിക്കുമെന്നും അംബാസിഡർ വ്യക്തമാക്കി.

ഇന്ത്യൻ പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിനായി നേരിട്ടുള്ള വിമാന സർവ്വീസുകൾക്ക് വേണ്ടി ശക്തമായി ശ്രമിച്ച് വരികയാണെന്ന് സൗദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ.ഔസാഫ് സഈദ് പറഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയർ ഇന്ത്യയും സൗദിയ എയർലൈൻസും സർവ്വീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും എന്നാൽ മറ്റ് അനുബന്ധ അതോറിറ്റികളിൽ നിന്ന് അനുമതി ലഭിക്കാതെ സർവ്വീസ് തുടങ്ങാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി വിവിധ മേഖലകളിൽ നിരന്തരം ബന്ധപ്പെട്ട് വരികയാണ്. അധികം വൈകാതെ യാത്രാ പ്രശ്‌നം പരിഹരിക്കപ്പെടുമാന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസിഡർ വ്യക്തമാക്കി.

എയർ ബബിൾ കരാറനുസരിച്ച് പ്രവാസികൾക്ക് മടങ്ങി വരാനുള്ള സാഹചര്യമൊരുങ്ങുന്നതോടെ ഉംറ തീർത്ഥാടകർക്കും വരാനാകുമെന്നും അംബാസിഡർ പ്രത്യാശ പ്രകടിപ്പിച്ചു. സ്‌പോൺസർഷിപ്പ് വ്യവസ്ഥ, എക്‌സിറ്റ്-റീ എൻട്രി സംവിധാനം തുടങ്ങി തൊഴിൽ മേഖലയിൽ പ്രഖ്യാപിച്ച പുതിയ മാറ്റങ്ങളെ ഇന്ത്യൻ സ്ഥാനപതി സ്വാഗതം ചെയ്തു. ഇത് വിദേശ തൊഴിലാളികൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങളും അറിയിപ്പുകളും സൗദി അധികൃതരിൽ നിന്ന് ലഭിക്കുന്ന മുറക്ക് ഇന്ത്യൻ ഹജ്ജ് മിഷന്‍റെ പ്രവർത്തനങ്ങളും ആരംഭിക്കുമെന്നും അംബാസിഡർ വ്യക്തമാക്കി.

Full View
Tags:    

Similar News