സൗദിയിൽ ജീവിതച്ചെലവ് വർധിക്കുന്നു
നികുതി വര്‍ധനവിന് പിന്നാലെ ഒക്ടോബറിലും പണപ്പെരുപ്പം കൂടി
മൂല്യ വർധിത നികുതി വർധിപ്പിച്ചതിന് പിന്നാലെ സൗദിയിൽ കഴിഞ്ഞ മാസവും പണപ്പെരുപ്പം കൂടിയതായി സകാത്ത് ആന്റ് ടാക്സ് അതോറിറ്റി. നികുതി വർധിപ്പിച്ചതോടെ ജീവിത ചെലവ് ഉയർന്നതാണ് ഇതിന് പ്രധാന കാരണമായത്. പണപ്പെരുപ്പം വർധിക്കുന്നത് ചെലവ് വർധിപ്പിക്കുമെന്നതിനാൽ സാമ്പത്തിക സ്ഥിതി അതോറിറ്റി നിരീക്ഷിക്കുന്നുണ്ട്.
ജൂലൈ മാസത്തിലാണ് സൗദിയിൽ മൂല്യ വർധിത നികുതി കൂട്ടിയത്. അഞ്ച് ശതമാനത്തിൽ നിന്നും പതിനഞ്ച് ശതമാനമാക്കിയാണ് നികുതി കൂട്ടിയത്. ജൂലൈ മാസം മുതൽ തന്നെ സൗദിയിൽ പണപ്പെരുപ്പം കൂടി. ജൂൺ മാസത്തിൽ 0.5 ശതമാനം മാത്രമായിരുന്ന പണപ്പെരുപ്പം നികൂതി കൂട്ടിയതോടെ 6.1 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം റിയൽ എസ്റ്റേറ്റ് മേഖലയിലെ ചില ഇടപാടുകളിൽ നികുതി ഒഴിവാക്കി കൊടുത്തു. എങ്കിലും കഴിഞ്ഞ മാസവും പണപ്പെരുപ്പം 5.8 ശതമാനമായി നിലനിൽക്കുന്നു.
വാറ്റ് കൂട്ടിയതാണ് പണപ്പെരുപ്പത്തിന് കാരണമെന്ന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി തന്നെ വ്യക്തമാക്കി. ജനങ്ങൾ നികുതി കാരണം ചെലവ് കുറക്കുന്നതാണ് ഇതിന് പ്രധാന കാരണം. അവശ്യവസ്തുക്കളുടെ വില വർധനവാണ് ഇതിന് കാരണം. ഭക്ഷണം, യാത്ര എന്നിവയിലെല്ലാം വിലയേറ്റമുണ്ടായതായി അതോറിറ്റി സൂചിപ്പിക്കുന്നുണ്ട്.
സ്ഥിരമായി പണപ്പെരുപ്പം കൂടുന്നത് സാമ്പത്തിക രംഗത്ത് ഗുണമുണ്ടാക്കില്ല. ഇതിനാൽ തന്നെ ഓരോ ആഴ്ചയിലും സ്ഥിതി അതോറിറ്റി പരിശോധിക്കുന്നുണ്ട്. വർധിപ്പിച്ച വാറ്റ് അടുത്ത വർഷവും തുടരുമെന്ന് ധനകാര്യ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.