സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന ശക്തമാക്കി
കോവിഡിന്‍റെ രണ്ടാം വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശോധന വീണ്ടും ശക്തമാക്കിയത്
സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന ശക്തമാക്കി. ആരോഗ്യ മന്ത്രാലയമാണ് കര്‍ശന പരിശോധനകള്‍ നടത്തി വരുന്നത്. കോവിഡിന്‍റെ രണ്ടാം വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശോധന വീണ്ടും ശക്തമാക്കിയത്. അനുവദിച്ചതിലും കൂടുതല്‍ തൊഴിലാളികളെ താമസിപ്പിച്ച ക്യാമ്പുകള്‍ക്കെതിരെ നടപടിയും സ്വീകരിച്ചു വരുന്നുണ്ട്.
രാജ്യത്തെ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചാണ് ആരോഗ്യ മന്ത്രാലയം പരിശോധന വീണ്ടും ശക്തമാക്കിയത്. കോവിഡിന്‍റെ രണ്ടാം വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫീല്‍ഡ് പരിശോധനകള്‍ക്ക് തുടക്കം കുറിച്ചത്. ക്യാമ്പുകളില്‍ അനുവദിച്ചതിലും കൂടുതല്‍ തൊഴിലാളികളെ താമസിപ്പിക്കുന്നത് കണ്ടെത്തുക. താമസ ഇടങ്ങളുടെ ശുചിത്വ പരിപാലനവും കോവിഡ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവും തടയുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന.
പ്രധാന നഗരങ്ങളും വ്യവസായ സിറ്റികളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ ക്യാമ്പുകള്‍ക്കും കമ്പനികള്‍ക്കുമെതിരെ നടപടി സ്വീകരിച്ചതായി മന്ത്രാലയ സെക്രട്ടറി ഡോ. അഹമ്മദ് ഖത്താന്‍ അറിയിച്ചു. ക്യാമ്പുകളിലെ മുറികളില്‍ തൊഴിലാളികളെ കുത്തി നിറച്ച് താമസിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തില്‍ താമസിപ്പിച്ച 81000 പേരെ ബദല്‍ സംവിധാനമേര്‍പ്പെടുത്തി മാറ്റി താമസിപ്പിച്ചതായും ഡോക്ടര്‍ പറഞ്ഞു.
കമ്പനികളുടെ ക്യാമ്പുകളിലാണ് ലംഘനമെങ്കില്‍ കമ്പനിക്കെതിരെയായിരിക്കും നടപടി സ്വീകരിക്കുക. എന്നാല്‍ വിവിധ കമ്പനികളുടെ തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളിലാണ് നിയമലംഘനമെങ്കില്‍ നടപടി കെട്ടിട ഉടമക്ക് എതിരെയായിരിക്കും സ്വീകരിക്കുകയെന്നും മന്ത്രാലയം വിശദീകരിച്ചു. ഇതു വരെയായി 32000 പരിശോധനകള്‍ പൂര്‍ത്തിയാക്കി. ബാച്ചിലര്‍ താമസ ഇടങ്ങളില്‍ ഇരുപതില്‍ കൂടുതല്‍ പേരെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ പ്രത്യേക അനുമതി പത്രം നേടിയിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.