ഇന്ത്യ-സൗദി എയർബബ്ൾ കരാറിന് ശ്രമം; ആദ്യ ഘട്ടമായി ആരോഗ്യ പ്രവർത്തകർക്ക് മടങ്ങാം

സൗദിയിൽ രണ്ടാം കോവിഡ് തരംഗത്തിനുള്ള സാധ്യതയുള്ളതിനാൽ വിമാന സർവീസ് സാധാരണ രീതിയിലാകാൻ സമയമെടുക്കും. ഇതിനാൽ തന്നെ ഇന്ത്യയും സൗദിയും എയർബബ്ൾ കരാറിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

Update: 2020-11-20 02:10 GMT
Advertising

ഇന്ത്യയിലുള്ള ആരോഗ്യ പ്രവർത്തകർക്ക് മടങ്ങി വരാൻ സൗദി അറേബ്യ അനുമതി നൽകി. സൗദിയിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇതിനുള്ള അനുമതി നൽകിയത്. സൗദിയിൽ രണ്ടാം കോവിഡ് തരംഗത്തിനുള്ള സാധ്യതയുള്ളതിനാൽ വിമാന സർവീസ് സാധാരണ രീതിയിലാകാൻ സമയമെടുക്കും. ഇതിനാൽ തന്നെ ഇന്ത്യയും സൗദിയും എയർബബ്ൾ കരാറിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

കോവിഡ് വ്യാപനം സജീവമായതോടെ ഇന്ത്യയുൾപ്പെടെയുള്ള ചില രാജ്യങ്ങൾ സൗദിയുടെ യാത്ര വിലക്ക് പട്ടികയിലുണ്ട്. ഇക്കാരണത്താൽ തന്നെ പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും സൗദി വിമാന സർവീസ് തുടങ്ങിയെങ്കിലും ഇന്ത്യയിലേക്കുള്ള കാര്യത്തിൽ തീരുമാനമായില്ല. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൗദി സിവിൽ ഏവിയേഷന്റെ ഉത്തരവിറങ്ങിയത്. ഇതു പ്രകാരം നിലവിൽ വിസയുള്ള ഇന്ത്യക്കാരായ ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മടങ്ങാം.

ഇന്ത്യ നിരോധിത രാജ്യങ്ങളുടെ പട്ടികയിൽ വന്നതോടെ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകരുടെ യാത്ര വൈകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ്. സൗദിയിൽ രണ്ടാം കോവിഡ് തരംഗത്തിനുള്ള സാധ്യത മന്ത്രാലയം മുൻകൂട്ടി കാണുന്നുണ്ട്. തരംഗമുണ്ടായാൽ വീണ്ടും ലോക് ഡൗണിലേക്ക് പോകേണ്ട സാഹചര്യമുണ്ടാകുമെന്ന് സൗദി ഊർജ മന്ത്രി കഴിഞ്ഞ ദിവസം റിയാദിൽ പറഞ്ഞിരുന്നു. സൗദിയുടെ സമീപ രാജ്യങ്ങളിൽ പോലും കോവിഡ് വർധിച്ചതോടെ ചില രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് വീണ്ടും റദ്ദാക്കി. ഈ സാഹചര്യത്തിൽ കരുതലോടെ മാത്രമേ സൗദി അറേബ്യ വിമാന സർവീസ് തുടങ്ങൂ. ഇതിനാൽ തന്നെ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് മടങ്ങാൻ എയർബബ്ൾ കരാർ വേണ്ടിവരും. ഇതിനുള്ള ശ്രമം ഊർജിതമാണ്.

Full View
Tags:    

Similar News