ഐടി ഭീമന്മാരില്‍ നിന്ന് നികുതി ഈടാക്കാന്‍ ജി20 ഉച്ചകോടിയില്‍ ധാരണ
നിലവിൽ ഹെഡ്ക്വാർട്ടേഴ്സ് നിലനിൽക്കുന്ന രാജ്യത്ത് മാത്രമാണ് കമ്പനികൾ നികുതി നൽകുന്നത്.
ആഗോള ഐടി ഭീമന്മാരിൽ നിന്നും ഓരോ രാജ്യത്തേയും ലാഭത്തിന് അനുസരിച്ച് അതത് രാജ്യങ്ങളിൽ നികുതി ഈടാക്കാൻ ജി20 രാജ്യങ്ങൾക്കിടയിൽ ധാരണ. കോവിഡിന് ശേഷം വൻലാഭം കൊയ്യുന്ന ഗൂഗിള്‍, ഫേസ് ബുക്ക്, ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളെ ലക്ഷ്യം വെച്ചാണ് നീക്കം. നിലവിൽ ഹെഡ്ക്വാർട്ടേഴ്സ് നിലനിൽക്കുന്ന രാജ്യത്ത് മാത്രമാണ് കമ്പനികൾ നികുതി നൽകുന്നത്. ഭൂരിഭാഗം കമ്പനികളുടേയും ആസ്ഥാനം അമേരിക്കയായതിനാൽ നേരത്തെ ഈ നീക്കം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തടഞ്ഞിരുന്നു.
ജി20 ഉച്ചകോടിയിൽ ലോക നേതാക്കളുടെ യോഗത്തിലാണ് സുപ്രധാന കാര്യങ്ങൾ ചർച്ചക്ക് വന്നത്. കോവിഡാനന്തരം ലോകം കൂടുതൽ ഡിജിറ്റലായി. ഈ മേഖലയിൽ ഇന്റർനെറ്റ് കമ്പനികൾ വൻലാഭം കൊയ്യുന്നതായി ജി20 വിലയിരുത്തി. ഇന്റർനെറ്റ് ഭീമന്മാരായ ഗൂഗ്ൾ, ഫെയ്സ്ബുക്ക്, ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നിവർ ഹെഡ്ക്വാർട്ടേഴസ് നിൽക്കുന്ന രാജ്യത്ത് മാത്രമാണ് നികുതി നൽകുന്നത്. ഇത് പോരാ. ഓരോ രാജ്യത്തു നിന്നും നേടുന്ന വരുമാനത്തിനനുസരിച്ച് ടാക്സ് ആ രാജ്യത്ത് ഈടാക്കണമെന്ന് ഉച്ചകോടിയുടെ ചർച്ചാ കരടിൽ പറയുന്നു.
നേരത്തെയും ഇതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അമേരിക്കൽ ഡോണൾഡ് ട്രംപ് ഇടപെട്ടാണ് ഈ നീക്കത്തിൽ നിന്നും ജി20യെ തടഞ്ഞത്. പുതിയ പ്രസിഡന്‍റായി ജോ ബൈഡൻ രണ്ടു മാസത്തിനകം അധികാരമേൽക്കും. ഇതോടെ നീക്കം വീണ്ടും സജീവമായേക്കും. തലപ്പത്തുള്ളവരെ മാറ്റിയില്ലെങ്കിൽ ലോകവ്യാപാര സംഘടനക്കും ലോകാരോഗ്യ സംഘടനക്കുമുള്ള തുക നൽകില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. യുഎസ് പിന്തുണ ഈ സംഘടനകൾക്ക് കുറയുകയും ചെയ്തു. ലാഭം നോക്കിയായിരുന്നു ട്രംപിന്റെ ഇടപാടുകളെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ലാഭം മാത്രമല്ല, പരസ്പര സഹകരണത്തിലൂടെ മാത്രമേ കോവിഡ് സാഹചര്യത്തിൽ മുന്നേറാനാകൂ എന്ന് ഉച്ചകോടി ഓർമപ്പെടുത്തി.