ഇറാൻ ആണവ ശാസ്ത്രജ്ഞന്‍റെ കൊലപാത ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ഇറാന്‍ വാദം തള്ളി സൗദി
ഇറാനിൽ നാളെ പ്രളയമോ ഭൂചലനമോ ഉണ്ടായാലും അതിന് കുറ്റപ്പെടുത്തുക സൗദിയെ ആയിരിക്കുമെന്ന് സൗദി വിദേശ കാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ
ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫക്രിസാദെയുടെ കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ സൗദി അറേബ്യക്ക് പങ്കുണ്ടെന്ന ഇറാന്‍റെ വാദത്തെ രൂക്ഷമായി വിമർശിച്ച് സൗദി അറേബ്യ. ഏതു തരത്തിലുള്ള കൊലപാതകത്തേയും സൗദി അറേബ്യ അനുകൂലിക്കുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. നാളെ ഇറാനിൽ പ്രളയമുണ്ടായാലും ഇറാൻ സൗദിയെ കുറ്റം പറയുമെന്നും ജുബൈർ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇറാൻ വിദേശകാര്യ മന്ത്രി ജവാജ് സാരിഫാണ് സൗദിക്കെതിരെ ആരോപണമുന്നയിച്ചത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി, സൗദി കിരീടാവകാശി, ഇസ്രയേൽ പ്രധാനമന്ത്രി എന്നിവർ നടത്തിയ രഹസ്യ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഇറാൻ ശാസ്ത്രജ്ഞന്‍റെ കൊലപാതമെന്നായിരുന്നു സാരിഫിന്‍റെ ആരോപണം. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് സൗദി വിദേശ കാര്യ മന്ത്രി പ്രതികരിച്ചത്.
ഇറാനിൽ നാളെ പ്രളയമോ ഭൂചലനമോ ഉണ്ടായാലും അതിന് കുറ്റപ്പെടുത്തുക സൗദിയെ ആയിരിക്കുമെന്ന് ആദിൽ അൽ ജുബൈർ പറഞ്ഞു. കൊലപാതകം സൗദിയുടെ വഴിയല്ല. 1979ലെ വിപ്ലവ സമയത്തിന് ശേഷം ഇറാനിൽ കൂട്ടക്കൊല നടത്തിയത് ആരാണെന്നത് എല്ലാവർക്കുമറിയാമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഞങ്ങളുടെ ഒരുപാട് പൗരന്മാർക്ക് ഇറാൻ കാരണം ജീവൻ നഷ്ടമായത് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം വിശദീകരിച്ചു. സൗദി കിരീടാവകാശിയും ഇസ്രയേൽ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയെന്ന് ഇസ്രയേൽ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള വാർത്ത സൗദി നേരത്തെ നിഷേധിച്ചിരുന്നു. വൈറ്റ്ഹൗസും ഇത് സ്ഥിരീകരിച്ചിരുന്നില്ല.