മലയാളി കുടുംബം സൗദിയിൽ അപകടത്തിൽ പെട്ടത് കൂട്ടിയിടി ഒഴിവാക്കാനുള്ള ശ്രമത്തിൽ; മരണത്തിൽ ഞെട്ടലോടെ താഇഫിലെ പ്രവാസികൾ

മൂത്ത മകൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

Update: 2020-12-05 17:57 GMT

മദീനയിൽ പ്രവാചകന്റെ പള്ളിയിൽ സന്ദർശനം പൂർത്തിയാക്കി ത്വാഇഫിലേക്ക് മടങ്ങിപോകുകയായിരുന്ന മലയാളി കുടുംബം അപകടത്തിൽ പെട്ടത് മുന്നിലെ വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള ശ്രമത്തിലെന്ന് വിവരം. മലപ്പുറം പെരുവള്ളൂർ, പറമ്പിൽ പിടികയിലെ ചാത്തർ തൊടി സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ്, അദ്ദേഹത്തിന്റെ ഭാര്യ ഫാസില, ഇളയ മകൾ ഏഴ് വയസ്സുള്ള ഫാതിമ റസാൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇളയ മകൾ രാവിലെ ഏഴ് മണിയോടെയും, അബ്ദുൽ റസാഖും, ഭാര്യ ഫാസിലയും സംഭവസ്ഥലത്ത് വെച്ചും മരിച്ചു.

Advertising
Advertising

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായതെന്നാണ് സൂചന. ഇവർ സഞ്ചരിച്ചിരുന്ന ഫോർച്ച്യൂണർ കാർ മറ്റൊരു വാഹനവുമായി ഇടിക്കുവാനുള്ള സാഹചര്യമുണ്ടായി. ഇതൊഴിവാക്കുന്നതിനായി വെട്ടിച്ചപ്പോൾ മറിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മൂത്ത മകൾ ഫാതിമ റനയെ കാലിന് പറ്റിയ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയെ കൂട്ടി കൊണ്ട് വരുന്നതിനായി ബന്ധുക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. അബ്ദുൽ റസാഖിന്റെ മൂത്ത മകൻ റയ്യാൻ നാട്ടിൽ പഠിക്കുകയാണ്.

കാലിന് ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട ഫാത്തിമ റെന

മദീനക്കും ജിദ്ദക്കുമിടയിൽ ഏകദേശം 200 കി.മീറ്റർ അകലെ അംന എന്ന സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ത്വാഇഫിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടാന്റായി ജോലി ചെയ്ത് വരികയാണ് അബ്ദുൽ റസാഖ്. ഏതാനും ദിവസങ്ങൾക്ക് മുന്പാണ് ഇവരുടെ ഇഖാമകൾ ഒരു വർഷത്തേക്ക് കൂടി പുതുക്കിയത്. തുടർന്ന് ഫാസിലയും മക്കളും നാട്ടിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായി ഉംറയും മദീന സന്ദർശനവും പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് ഇവർ മദീനയിലേക്ക് പോയയതെന്നാണ് സൂചന.

Tags:    

Similar News