സൌദിയില്‍ ഇനി ബദല്‍ വിസ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ കമ്പനികള്‍ക്ക് മാത്രം

പച്ച, പ്ലാറ്റിനം കാറ്റഗറിയിലുള്ള സ്ഥാപനങ്ങള്‍ക്കാണ് വിസകള്‍ അനുവദിക്കുക. വിസ അനുവദിക്കുന്നതിന് സ്ഥാപനം പതുമൂന്ന് ആഴ്ചക്കാലം തുടര്‍ച്ചയായി ഈ വിഭാഗത്തില്‍ തുടര്‍ന്നിരിക്കണമെന്നും നിബന്ധനയുണ്ട്.

Update: 2020-12-07 02:01 GMT

സൗദിയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും ഇനി മുതല്‍ ബദല്‍ വിസകള്‍ അനുവദിക്കുക. മാനവവിഭവ ശേഷി മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ടവര്‍, റീ എന്‍ട്രിയില്‍ പോയി തിരിച്ചുവരാത്തവര്‍ എന്നിവര്‍ക്ക് പകരമായി അനുവദിക്കുന്ന വിസകള്‍ക്കാണ് പുതിയ നിബന്ധന ബാധകമാക്കിയത്.

കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവിലെ വിസകളുടെ അനുപാതം നിലനിര്‍ത്തുന്നതിനാണ് ബദല്‍ വിസകള്‍ അനുവദിച്ച് വരുന്നത്. ഫൈനല്‍ എക്‌സിറ്റില്‍ തൊഴിലാളി മടങ്ങുന്നതോടെ പുതിയ ബദല്‍ വിസ ലഭിക്കുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഇനി മുതല്‍ ബദല്‍ വിസകള്‍ ലഭിക്കണമെങ്കില്‍ കമ്പനി നിതാഖാത്ത് പ്രകാരമുള്ള സ്വദേശിവല്‍ക്കരണ അനുപാതം പാലിച്ചിരിക്കണം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ നിര്‍ദ്ദേശം നടപ്പിലാക്കിയത്.

Advertising
Advertising

Full View

പച്ച, പ്ലാറ്റിനം കാറ്റഗറിയിലുള്ള സ്ഥാപനങ്ങള്‍ക്കാണ് വിസകള്‍ അനുവദിക്കുക. വിസ അനുവദിക്കുന്നതിന് സ്ഥാപനം പതുമൂന്ന് ആഴ്ചക്കാലം തുടര്‍ച്ചയായി ഈ വിഭാഗത്തില്‍ തുടര്‍ന്നിരിക്കണമെന്നും നിബന്ധനയുണ്ട്. ഫൈനല്‍ എക്‌സിറ്റില്‍ തൊഴിലാളി മടങ്ങിയ ശേഷം പന്ത്രണ്ട് മാസത്തിനകം ഇത് പ്രയോജനപ്പെടുത്തിയിരിക്കണം. 250 ല്‍ കുറവ് ജീവനക്കാരുള്ള പ്ലാറ്റിനം വിഭാഗം കമ്പനികള്‍ക്ക് രണ്ട് ബദല്‍ വിസകളും, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച സ്ഥാപനങ്ങള്‍ക്ക് ഒരു വിസ വീതവുമാണ് അനുവദിക്കുക. ഇത്തരത്തില്‍ ഒരു വര്‍ഷം പരമാവധി 25 വിസകളാണ് അനുവദിക്കുക. എക്‌സിറ്റ് നേടിയ തൊഴിലാളിയുടെ അതേ പ്രഫഷണിലാണ് വിസ അനുവദിക്കുക. 250 ല്‍ കൂടുതല്‍ ജീവനക്കാരുള്ള കമ്പനികള്‍ക്ക് എല്ലാ വിഭാഗത്തിലും ഒരു ബദല്‍ വിസ വീതം മാത്രമാണ് അനുവദിക്കുകയെന്നും മന്ത്രാലയം വിശദീകരിച്ചു.

Tags:    

Similar News