യമൻ യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും ശ്രമം; പ്രധാന കക്ഷികളുമായി ചർച്ച തുടങ്ങുന്നു
ഹൂതികളെ സർക്കാർ രൂപീകരണത്തിൽ ഭാഗമാക്കില്ല
യമനിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് മുന്നോടിയായി തെക്കൻ വിഭജന വാദികളും സർക്കാറും തമ്മിൽ ചർച്ച തുടങ്ങുന്നു. ഇതിന്‍റെ ആദ്യ പടിയായി യമൻ സൈന്യവും തെക്കൻ വിഭജനവാദികളുടെ സൈന്യവും ലയിപ്പിക്കും. സൗദിയുടെ നേതൃത്വത്തിലാണ് ശ്രമങ്ങൾ പുരോഗമിക്കുന്നത്. ശ്രമം വിജയിച്ചാൽ 24 അംഗ മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. അതേ സമയം, ഹൂതികളെ സർക്കാർ രൂപീകരണത്തിൽ ഭാഗമാക്കില്ല.
2011ലെ അറബ് വസന്തത്തോടെ യമൻ ഏകാധിപതി പ്രസിഡണ്ടായിരുന്ന അലി അബ്ദുള്ള സാലിഹ് ഭരണത്തിൽ നിന്നും പിന്മാറിയത്. തുടർന്നു വന്നത് അബ്ദു റബ്ബ് മൻസൂർ ഹാദിയാണ്. എന്നാൽ ആഭ്യന്തര പ്രശ്നവും സാമ്പത്തിക സ്ഥിതിയും ഗുരുതരമായതോടെ ആഭ്യന്തര കലാപമായി. യമനിലെ സൈദി ഷിയാ വിഭാഗമായ സായുധ സംഘമാണ് ഹൂതികൾ. ഇവർ അലി അബ്ദുള്ള സാലിഹിനെ തന്നെ പ്രസിഡണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. തലസ്ഥാനമായ സൻആയുടെ ഭരണം ഹൂതികൾ പിടിച്ചെടുത്തു. ഇതോടെ 2015ൽ ഹാദി സൗദിയിൽ അഭയം തേടി. ഇറാൻ പിന്തുണയുള്ള ഹൂതികളെ പ്രതിരോധിച്ച് ഹാദിയെ തന്നെ പ്രസിഡണ്ടാക്കാൻ വേണ്ടി സൗദി നടത്തിയ ഇടപെടലിൽ ജി.സി.സി രാഷ്ട്രങ്ങളും പങ്കാളികളായി. പിന്നീട് ഏറ്റുമുട്ടൽ കനത്തു. താൽക്കാലിക തലസ്ഥാനമായി ഏദൻ നിശ്ചയിച്ചു. യു.എ.ഇ പിന്തുണയുള്ള യമനിലെ തെക്കൻ വിഭജന വാദികൾ ഏദനും പിടിച്ചെടുത്തു. യു.എൻ ഇടപെടലിന് പിന്നാലെ യു.എ.ഇ 2019ൽ യമനിൽ നിന്നും പിന്മാറി.
ഈ വർഷം ഏപ്രിൽ മാസത്തിൽ ഏദൻ സ്വയം ഭരണ പ്രദേശമായി തെക്കൻ വിഭജനവാദികൾ പ്രഖ്യാപിച്ചു. യു.എ.ഇയുടെ പിന്തുണയുള്ള ഹൂതി വിരുദ്ധ വിമതർ ഏദനോട് ചേർന്നുള്ള ഭാഗങ്ങളും കൈയ്യടക്കി. പിന്നീട് നടന്ന യു.എൻ ചർച്ചകളിൽ വെടിനിർത്തലിന് എല്ലാ കക്ഷികളും സമ്മതിച്ചു. എങ്കിലും പലപ്പോഴായി ഇത് ലംഘിക്കപ്പെട്ടു. തെക്കൻ വിഭജനവാദികളും യമൻ സർക്കാറും ചേർന്ന് 24 അംഗ മന്ത്രിസഭ രൂപീകരിക്കാനാണ് ഇപ്പോൾ ശ്രമം. സൗദിയും യു.എന്നുമാണ് ഇതിന് മധ്യസ്ഥം വഹിക്കുന്നത്. ഇതിന്‍റെ ആദ്യ പടിയായി രണ്ടു കൂട്ടരുടേയും സൈന്യങ്ങൾ ഒന്നാകും. ഇരു കൂട്ടർക്കും വാശിയുള്ള അബ്യാനിൽ ഇപ്പോഴും ഏറ്റമുട്ടലുണ്ട്. അതേ സമയം, ഹൂതികൾ സർക്കാറിന്‍റെയോ ചർച്ചകളുടേയോ ഭാഗമല്ല. ഇതിനാൽ തന്നെ എന്തുണ്ടാകുമെന്ന ആശങ്കയും വിവിധ രാജ്യങ്ങൾ പങ്കു വെക്കുന്നു. നിലവിലെ കണക്കുകൾ പ്രകാരം മൂന്ന് കോടിയോളം ജനങ്ങളുള്ള യമനിൽ യുദ്ധത്തിൽ ലക്ഷത്തിലേറെ പേർ മരിച്ചു. അമ്പതിനായിരം കുഞ്ഞുങ്ങൾ പട്ടിണി കാരണവും മരിച്ചു.