സിമി കേസ്: ആരും കുറ്റക്കാരല്ലെന്ന് കോടതി, അറസ്റ്റ് ചെയ്ത 127 പേരെയും വറുതെ വിട്ടു
2001ൽ രജിസ്റ്റർ ചെയ്ത കേസിൽ 20 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കോടതിയുടെ വിധി
സിമി ബന്ധമാരോപിച്ച് ഗുജറാത്ത് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത എല്ലാ പ്രതികളെയും വെറുതെ വിട്ട് വിചാരണ കോടതിയുടെ വിധി. ആരും നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന് നിരീക്ഷിച്ചാണ് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് എ.എൻ ധവെയുടെ വിധി. ഇരുപത് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് കേസിലുൾപ്പെട്ട 127 പേർ കുറ്റവിമുക്തരായത്. പ്രതികൾ നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും സിമിയുടെ പ്രവർത്തകരാണെന്നതിന് തെളിവില്ലെന്നും നിരീക്ഷിച്ചാണ് 127 പ്രതികളെയും സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് ജഡ്ജി എ.എൻ ധവെ വെറുതെ വിട്ടത്.
ഒരു തെളിവും കേസിലുണ്ടായിരുന്നില്ലെന്നും യു.എ.പി.എ നിയമപ്രകാരം വേണ്ട കേന്ദ്രാനുമതി പോലും പൊലീസ് വാങ്ങിയിരുന്നില്ലെന്നും കണ്ടാണ് കോടതി ഇവരെ വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. എം.എം ഷേഖ് പറഞ്ഞു.
2001 ലാണ് കേസിനാസ്പദമായ സംഭവം. സൂറത്തിലെ രാജശ്രീ ഹാളിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയവരെ സിമി പ്രവർത്തകരാണെന്ന് ആരോപിച്ച് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആൾ ഇന്ത്യ മൈനോറിറ്റീസ് എഡ്യുക്കേഷണൽ ബോഡ് വിളിച്ചുചേർത്ത യോഗം സിമിയുടെ രഹസ്യ യോഗമാണെന്നും രാജ്യദ്രോഹപ്രവർത്തനം ലക്ഷ്യമിട്ടിരുന്നുവെന്നും പൊലീസ് ആരോപിച്ചു. തുടർന്ന് കുറ്റാരോപിതർക്ക് മേൽ പൊലീസ് യു.എ.പി.എയും ചുമത്തി. ശേഷം പതിനൊന്ന് മാസങ്ങൾക്കിപ്പുറമാണ് ഗുജറാത്ത് ഹൈകോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്.
ഈ കേസിനാൽ നീണ്ട ഇരുപത് വർഷം ഞങ്ങൾ എല്ലാവരും തൊഴിൽരഹിതരായി. ഒരു വർഷം ജയിലിൽ കഴിഞ്ഞു. കേസ് നടത്തിപ്പിനായി ഓരോ തവണയും വക്കീൽ ഫീസായി ആയിരക്കണക്കിന് രൂപയാണ് സംഘടിപ്പിച്ച് നൽകേണ്ടി വന്നത്. ഈ നഷ്ടങ്ങളൊക്കെ ആര് നികത്തും? കുറ്റവിമുക്തനായി പുറത്തുവന്ന സിയുഉദ്ദീൻ സിദ്ധീഖി ചോദിച്ചു.
ഡോക്ടർമാരും എഞ്ചിനീയർമാരുമടങ്ങുന്ന അഭ്യസ്ത വിദ്യരായ സമൂഹത്തിലെ പ്രമുഖരായിരുന്നു കേസിൽ അസ്റ്റിലായിരുന്നത്.