കെ.എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ സാധിച്ചത് സുകൃതം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍
പാല കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ ജോസ് തോമസ് പടിഞ്ഞാറേക്കര സ്മാരക കവാടത്തോടു ചേര്‍ന്നാണ് കെ.എം.മാണിയുടെ പ്രതിമ സ്ഥാപിച്ചത്
മുന്‍ ധനമന്ത്രി കെ.എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ സാധിച്ചത് സുകൃതമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇന്നലെ പാലായില്‍ വെച്ചാണ് കെ.എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതത്. ഒരു പുതിയ പ്രത്യയശാസ്ത്രത്തിന് രൂപം നൽകിയ കെ.എം മാണിയുടെ ദർശനം, വിനയം മറ്റുള്ളവരെ കേൾക്കാനുള്ള മനസ്സ്, മടുപ്പില്ലായ്മ എന്നീ ഗുണങ്ങളെല്ലാം അദ്ദേഹത്തെ ഒരു പാഠശാലയാക്കിയെന്നും സ്പീക്കർ പറഞ്ഞു.
ഈശ്വര ദർശനത്തോടെ ചുമതലകൾ നിർവഹിച്ചതു കൊണ്ടാണ് കെ.എം.മാണി ജനങ്ങളുടെ മനസ്സിൽ ഇടം നേടിയതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. രാഷ്ട്രീയ എതിരാളികൾ എത്ര പുലഭ്യം പറഞ്ഞാലും കെ.എം.മാണി പഠിപ്പിച്ച മൂല്യവും സംസ്കാരവും മാറ്റാൻ കഴിയില്ലെന്നു ജോസ് കെ.മാണി പറഞ്ഞു.
കെ.എം മാണിയുടെ സ്ഥിരം വേഷമായ തൂവെള്ള നിറമുള്ള ജുബ്ബ ധരിച്ച മട്ടിലാണ് പ്രതിമ നിര്‍മ്മിച്ചത്. എട്ടര അടി ഉയരമുള്ള പ്രതിമ സിമന്‍റിലും മാര്‍ബിള്‍ പൊടിയിലുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരളാ യൂത്ത് ഫ്രണ്ട് (എം) , കെ.എം മാണി ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായാണ് പ്രതിമ നിര്‍മ്മാണത്തിന് മുന്‍കൈയ്യെടുത്തത്. അടിമാലി സ്വദേശികളായ ഷിജോ ജോണ്‍, ലൈജു ജയിംസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിമ നിര്‍മിച്ചത്. കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ ശാരീരികമായ അവശതകളെ മറികടന്നും പ്രതിമാ അനാച്ഛാദന ചടങ്ങിന് എത്തിച്ചേര്‍ന്നു. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ, നിഷ ജോസ് കെ.മാണി, എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എൻ.ജയരാജ്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സാജൻ തൊടുക, നഗരസഭാധ്യക്ഷൻ ആന്‍റോ പടിഞ്ഞാറേക്കര, പ്രഫ.വി.ജെ.പാപ്പു, വി.എൻ.വാസവൻ, സി.പി.ചന്ദ്രൻ നായർ, പി.ജി.അനിൽകുമാർ, ജോസ് ടോം, ബിജു കുന്നേപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
പാല കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ ജോസ് തോമസ് പടിഞ്ഞാറേക്കര സ്മാരക കവാടത്തോടു ചേര്‍ന്നാണ് കെ.എം.മാണിയുടെ പ്രതിമ സ്ഥാപിച്ചത്.