ദില്‍മ റൂസഫ് റിയോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല
മാരക്കാന സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇടക്കാല പ്രസിഡന്‍റ് മൈക്കല്‍ ടെമറിന് പുറകിലായിരിക്കും സ്ഥാനമെന്നതിനാലാണ് റൂസഫ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് സൂചന.
സസ്‌പെന്‍ഷനിലായ ബ്രസീലിയന്‍ പ്രസിഡന്‍റ് ദില്‍മ റൂസഫ് റിയോ ഒളിമ്പിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല. മാരക്കാന സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇടക്കാല പ്രസിഡന്‍റ് മൈക്കല്‍ ടെമറിന് പുറകിലായിരിക്കും സ്ഥാനമെന്നതിനാലാണ് റൂസഫ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതെന്നാണ് സൂചന.
റൂസഫിന്‍റെ മുന്‍ഗാമിയായ ലയിസ് ഇനാഷിയോ ലുലാ ഡാ സില്‍വയും ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചു. ടെമറിന്‍റെ പാര്‍ട്ടി രാഷ്ട്രീയമായി പീഡിപ്പിക്കുകയാണെന്നാണ് റൂസഫിന്‍റെയും ലുലയുടെയും ആരോപണം. മറ്റൊരു മുന്‍ പ്രസിഡന്‍റ് ഫെര്‍ണാണ്ടോ ഹെന്‍റിക് കാര്‍ഡോസും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സസ്‌പെന്‍ഷനിലിരിക്കുന്ന ദില്‍മയെ ഒളിമ്പിക്‌സ് മത്സരങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം നടക്കുന്ന ഇംപീച്ച്‌മെന്‍റ് പ്രമേയം അംഗീകരിക്കപ്പെട്ടാല്‍ പുറത്താക്കാനാണ് സാധ്യത.
2014 ല്‍ ദില്‍മ റൂസഫ് രണ്ടാമതും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബജറ്റ് നിയമങ്ങള്‍ ലംഘിച്ച് പണം ചിലവിട്ടെന്നാണ് ദില്‍മക്കെതിരായ ആരോപണം. അതേസമയം മൈക്കല്‍ ടെമറും ദില്‍മ റൂസഫും ഒരേ വേദി പങ്കിടുന്നത് അഭികാമ്യമല്ലെന്നാണ് പ്രമുഖ നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍.