യുവേഫ ചാമ്പ്യന്‍സ് ലീഗ് ; കലാശപ്പോരാട്ടം ഇന്ന്

Update: 2018-05-16 19:15 GMT
Editor : admin
യുവേഫ ചാമ്പ്യന്‍സ് ലീഗ് ; കലാശപ്പോരാട്ടം ഇന്ന്
Advertising

പതിനൊന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റയല്‍ മാഡ്രിഡും ആദ്യ ചാമ്പ്യന്‍പട്ടം പ്രതീക്ഷിച്ചിറങ്ങുന്ന അത്ലറ്റികോ മാഡ്രിഡും തമ്മിലാണ് പോരാട്ടം

യുവേഫ ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടം ഇന്ന്. പതിനൊന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റയല്‍ മാഡ്രിഡും ആദ്യ ചാമ്പ്യന്‍പട്ടം പ്രതീക്ഷിച്ചിറങ്ങുന്ന അത്‍ലറ്റികോ മാഡ്രിഡും തമ്മിലാണ് പോരാട്ടം. മിലാനില്‍ ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം.

ചാമ്പ്യന്‍സ് ലീഗിന്‍റെ ചരിത്രത്തില്‍ ഇത് പതിന്നാലാം തവണയാണ് റയല്‍ മാഡ്രിഡ് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ഏറ്റവുമധികം തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ ചരിത്രമുള്ള റയലിന് നഗരവൈരികളായ അത്‍ലറ്റികോ മാഡ്രിഡാണ് എതിരാളികള്‍. ഇത് മൂന്നാം തവണയാണ് അത്‍ലറ്റികോ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലില്‍ കളിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണയും കൈവിട്ടുകളഞ്ഞ ചാമ്പ്യന്‍പട്ടം ഇത്തവണ സ്വന്തമാക്കുമെന്ന വാശിയിലാണ് സിമിയോണിയും കൂട്ടരും. ലാലിഗയില്‍ രണ്ടാം സ്ഥാനത്തായിപ്പോയ റയലിന് സീസണിലെ അവശേഷിക്കുന്ന ഏക കിരീട പ്രതീക്ഷയാണ് ചാമ്പ്യന്‍സ് ലീഗ്. പരിശീലനത്തിനിടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പരിക്കേറ്റത് റയലിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മത്സരത്തിന് മുന്‍പായി റോണോ പൂര്‍ണ്ണമായും കായിക ക്ഷമത കൈവരിക്കുമെന്നാണ് പരിശീലകന്‍ സിദാനും ആരാധകരും പ്രതീക്ഷിക്കുന്നത്. പരിക്കേറ്റ പ്രതിരോധനിര താരം റാഫേല്‍ വരാനെ ടീമിലുണ്ടാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ശക്തമായ പ്രതിരോധവും അതിനൊത്ത മുന്നേറ്റനിരയുമുള്ള അത്ലറ്റികോ മാഡ്രിഡിന് കാര്യമായ പരിക്ക് ഭീഷണിയില്ല. ബയേണ്‍ മ്യൂണിക്കിനെ പോലെ കരുത്തരായ ടീമിനെയാണ് സെമിയില്‍ പരാജയപ്പെടുത്തിയതെന്ന ആത്മവിശ്വാസവും അവര്‍ക്കുണ്ട്‌.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News