അവസാന ഓവറില്‍ ധോണിയോട് ഉപദേശം ചോദിച്ച് സ്മിത്ത്
അവസാന ഓവറിന് മുമ്പുള്ള ഈ നിര്‍ണ്ണായക ഘട്ടത്തിലാണ് സ്മിത്ത് ധോണിയുടെ സഹായം തേടിയത്...
റൈസിംങ് പൂനെ സൂപ്പര്‍ജയന്റ്‌സ് മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റു ചെയ്ത് 160 റണ്‍സെടുത്തപ്പോള്‍ വിജയിക്കാവുന്ന ടോട്ടലായി അധികമാരും ഉറപ്പിച്ചിരുന്നില്ല. പത്തൊമ്പതാം ഓവറെറിഞ്ഞ ബെന്‍ സ്‌റ്റോക്ക് വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് പൂനെയുടെ സാധ്യതകളെ വളര്‍ത്തിയത്. അവസാന ഓവറിന് മുമ്പുള്ള ഈ നിര്‍ണ്ണായക ഘട്ടത്തിലാണ് സ്മിത്ത് ധോണിയുടെ സഹായം തേടിയത്.
പത്തൊമ്പതാം ഓവര്‍ അവസാനിച്ച ഉടനെയാണ് സ്മിത്ത് ധോണിക്കരികിലേക്ക് ഓടിയെത്തിയത്. 331 അന്താരാഷ്ട്ര മത്സരങ്ങളും 143 ഐപിഎല്‍ മത്സരങ്ങളും കളിച്ചിട്ടുള്ള ധോണിയുടെ കൈവശം ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാനുള്ള ഉപായം തീര്‍ച്ചയായും ഉണ്ടായിരുന്നു. വൈകാതെ സ്മിത്തിനും ധോണിക്കുമൊപ്പം പൂനെയുടെ മറ്റൊരു 'ക്യാപ്റ്റന്‍' താരമായ അജിങ്ക്യ രഹാനെയും ചേര്‍ന്നു.
ഇരുപതാം ഓവര്‍ ജയ്‌ദേവ് ഉനക്ഡട്ട് എറിയാന്‍ വരുമ്പോള്‍ ഹാര്‍ഡ് ഹിറ്റര്‍മാരായ രോഹിത് ശര്‍മ്മയും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍. അതുകൊണ്ടുതന്നെ ഒരു ഓവറില്‍ 17 റണ്‍സ് എന്നത് അസാധ്യമായ ലക്ഷ്യമേ ആയിരുന്നില്ല. പാണ്ഡ്യെക്കുവേണ്ടി ഓഫ് സൈഡില്‍ ലോങ് ഓഫിലും ഡീപ് കവറിലും ഫീല്‍ഡര്‍മാരെ വിന്യസിച്ചാണ് ധോണിയുടെ ഉപദേശപ്രകാരം സ്മിത്ത് ഫീല്‍ഡിംഗ് കെണിയൊരുക്കിയത്.
കഴിഞ്ഞ വര്‍ഷം ധോണിക്ക് കീഴില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചയാളാണ് ഹാര്‍ദി പാണ്ഡ്യ. അതുകൊണ്ടുതന്നെ പാണ്ഡ്യയുടെ കഴിവും കുറവും ധോണിക്ക് കൂടുതല്‍ വ്യക്തമായറിയാം. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ തൂക്കിയടിച്ച പാണ്ഡ്യ ഡീപ് കവറില്‍ ബെന്‍ സ്റ്റോക്കിന്റെ കൈകളിലൊതുങ്ങി. ഇതോടെ മത്സരത്തില്‍ മുന്‍തൂക്കം പൂനെക്ക് ലഭിച്ചു. രോഹിത് ശര്‍മ്മയും ഹര്‍ഭജനും ഓരോ സിക്‌സറുകള്‍ അടിച്ച് പരാജയഭാരം കുറച്ചെങ്കിലും പൂനെ മൂന്ന് റണ്‍സിന്റെ ജയം ആഘോഷിച്ചു.