ചാമ്പ്യൻസ് ലീഗിൽ പുതിയ പരിഷ്കാരം വരുന്നു; അറിയാം
2027 മുതലേ ഈ പുതിയ പരിഷ്‌കരണം ഉണ്ടാകാൻ സാധ്യതയുള്ളൂ
ഒരു വിപ്ലവകരമായ നിയമത്തിന് കൂടി ഒരുങ്ങുകയാണ് യൂറോപ്യൻ ഫുട്ബോള്‍. ചാമ്പ്യൻസ് ലീഗ് അടക്കമുള്ള യൂറോപ്യൻ ഫുട്‌ബോൾ ടൂർണമെന്റുകളിൽ നോക്കൗട്ട് മത്സരങ്ങൾ രണ്ടുപാദങ്ങളിലായാണല്ലോ ഒരുക്കാറുള്ളത്. എന്നിട്ടും നിശ്ചിത സമയത്ത് മത്സരം സമനിലയിലാണെങ്കിൽ മത്സരം എക്‌സ്‌ട്രോ ടൈമിലേക്ക് നീളാറുണ്ട്. എന്നാൽ ഈ എക്‌സ്ട്രാ ടൈം ഒഴിവാക്കി ഡയറക്റ്റ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് യുവേഫ ചിന്തിക്കുകയാണ്.
ഇതിലൂടെ യുവേഫ ലക്ഷ്യമിടുന്നത് പലകാര്യങ്ങളാണ്. മത്സരങ്ങളുടെ എണ്ണം വർധിക്കുന്നതിനെത്തുടർന്നുള്ള പരാതികൾക്ക് അധികമായി വരുന്ന 30 മിനുറ്റുകൾ ഒഴിവാക്കിയല്ലോ എന്ന് മറപടി പറയാം. രണ്ടാം പാദത്തിൽ ഹോം ഗ്രൗണ്ടിൽ കളിക്കുന്ന ടീമിന് എക്‌സ്ട്രാ ടൈം അധിക ആനുകൂല്യം നൽകുന്നു എന്നതാണ് മറ്റൊന്ന്. കൂടാതെ എക്‌സ്ട്രാ ടൈം വരുന്നത് ടിവി ചാനലുകളുടെ ഷെഡ്യൂളിങ്ങിനെയും ബാധിക്കാറുണ്ട്. ഇതും ഒഴിവാക്കാം.
.എന്തായാലും ഈ വിഷയത്തിൽ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. ഫൈനൽ അടക്കമുള്ള മത്സരങ്ങളിലെ കാര്യവും തീരുമാനമായിട്ടില്ല. നിലവിലുള്ള ടിവി കരാർ പൂർത്തിയായതിന് ശേഷം 2027മുതലേ ഈ പുതിയ പരിഷ്‌കരണം ഉണ്ടാകാൻ സാധ്യതയുള്ളൂ.