'പന്തിന് മാനസിക പിന്തുണ നൽകണം'; ബി.സി.സി.ഐയോട് അഭിനവ് ബിന്ദ്ര

കാൽമുട്ടിലും കണങ്കാലിലും ലി​ഗമെന്റിന് പരിക്കേറ്റ പന്തിനെ പ്രമുഖ സ്‌പോർട്‌സ് ഓർത്തോപീഡിക് സർജൻ ദിൻഷോ പർദിവാലയാണ് ചികിത്സിക്കുന്നത്.

Update: 2023-01-05 03:20 GMT
Advertising

മുംബൈ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് മാനസിക പിന്തുണ നൽകണമെന്ന് ബി.സി.സി.ഐയോട് ഒളിമ്പിക് ചാമ്പ്യൻ അഭിനവ് ബിന്ദ്ര. ട്വീറ്റിലൂടെയാണ് ബിന്ദ്രയുടെ പ്രതികരണം.

'ഋഷഭ് പന്തിന്റെ കാര്യത്തിൽ ബി.സി.സി.ഐ നടത്തുന്ന ഇടപെടൽ പ്രശംസനീയമാണ്. സുഖപ്പെടുത്തലിന്റേയും തിരിച്ചുകൊണ്ടുവരവിന്റേയും ഭാ​ഗമായി അദ്ദേഹത്തിന് മാനസിക പിന്തുണ കൂടി നൽകേണ്ടതുണ്ട്!'- ബിന്ദ്ര ട്വീറ്റ് ചെയ്തു.

കാൽമുട്ടിലും കണങ്കാലിലും ലി​ഗമെന്റിന് പരിക്കേറ്റ പന്തിനെ പ്രമുഖ സ്‌പോർട്‌സ് ഓർത്തോപീഡിക് സർജൻ ദിൻഷോ പർദിവാലയാണ് ചികിത്സിക്കുന്നത്. ഇതിനിടെ, പന്തിനെ തുടർചികിത്സയ്ക്ക് മുംബൈയിൽ എത്തിച്ചിട്ടുണ്ട്.

ബി.സി.സി.ഐയുടെ ഡോക്ടര്‍മാര്‍ ചികിത്സ വിലയിരുത്തിയ ശേഷം ലി​ഗമെന്റിന്‌ ശസ്ത്രക്രിയ നടത്തും. പ്ലാസ്റ്റിക് സർജറി കഴിഞ്ഞ പന്തിനെ ഡെറാഡൂണിൽ ആശുപത്രിയിൽ നിന്നാണ് എയർ ലിഫ്റ്റ് ചെയ്തത്.

അദ്ദേഹത്തെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലും മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിക്കുമെന്നും സെന്റർ ഫോർ സ്‌പോർട്‌സ് മെഡിസിൻ മേധാവിയും ആശുപത്രിയിലെ ആർത്രോസ്‌കോപ്പി ആൻഡ് ഷോൾഡർ സർവീസ് ഡയറക്ടറുമായ ഡോ. ദിൻഷോ പർദിവാലയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ചികിത്സയെന്നും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞദിവസം പ്രസ്താവനയിൽ പറഞ്ഞിരുന്നു.

എത്രയും വേഗം പന്തിനെ കളിക്കളത്തിൽ മടക്കി എത്തിക്കാനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ. ഡിസംബർ 30ന് പുലര്‍ച്ചെയാണ് ഡല്‍ഹി- ഡെറാഡൂണ്‍ അതിവേഗപാതയില്‍ പന്ത് സഞ്ചരിച്ച ആഡംബരക്കാര്‍ അപകടത്തിൽപെട്ടത്. പരിക്കിനെ തുടർന്ന് താരത്തെ അനിശ്ചിതകാലത്തേക്ക് മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News