കാര്‍ലോ തുടങ്ങി; ബ്രസീലിന് ലോകകപ്പ് യോഗ്യത
പരാഗ്വയെ വീഴ്ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്
സാവോ പോളോ: പരാഗ്വയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ബ്രസീൽ 2026 ലോകകപ്പിന് ടിക്കറ്റെടുത്തു. സൂപ്പർ താരം വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി വലകുലുക്കിയത്. പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ ബ്രസീലിന്റെ ആദ്യ ജയമാണിത്.
കളത്തിലും കണക്കിലുമൊക്കെ ബ്രസീൽ നിറഞ്ഞൊരു മത്സരമാണ് കൊറിന്ത്യൻസ് അരീനയില്‍ കൊടിയിറങ്ങിയത്. മത്സരത്തിൽ 73 ശതമാനം നേരവും പന്ത് ബ്രസീലിന്റെ കൈവശമായിരുന്നു. 44ാം മിനിറ്റിലാണ് കളിയിലെ ഏകഗോൾ പിറന്നത്. പെനാൽട്ടി ബോക്‌സിൽ റഫീന്യയുടെ കാലിൽ നിന്ന് നഷ്ടപ്പെട്ട പന്ത് പിടിച്ചെടുത്ത് വലതുവിങ്ങിലൂടെ കുതിച്ച് കയറിയ മതേവൂസ് കുന്യ വിനീഷ്യസിന് നീട്ടുന്നു. വിനിക്കതിനെ വലയിലേക്ക് തിരിക്കേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ.
പിന്നെയും ഗോളവസരങ്ങൾ പലതും തുറന്നു കിട്ടിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കാനറിപ്പടക്കായില്ല. 11 ഷോട്ടുകളാണ് ബ്രസീൽ കളിയിലുടനീളം ഉതിർത്തത്. അതിൽ നാലെണ്ണം ഓൺ ടാർജറ്റ് ഷോട്ടുകളായിരുന്നു. ലോകകപ്പ് യോഗ്യത എന്ന വലിയ കടമ്പ കടന്നതോടെ കാർലോക്ക് ഇനി വിശ്വവേദി മുന്നിൽ കണ്ട് പണി തുടങ്ങാം.
അതേ സമയം ബ്യൂണസ് ഐറിസിൽ അരങ്ങേറിയ അർജന്റീന കൊളംബിയ മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് പിരിഞ്ഞു. പത്ത് പേരായി ചുരുങ്ങിയിട്ടും വീഴാതെ പിടിച്ച് നിന്ന അർജന്റീന 81ാം മിനിറ്റിലാണ് ഗോൾമടക്കിയത്.
24ാം മിനിറ്റിൽ ലൂയിസ് ഡിയാസിലൂടെ കൊളംബിയയാണ് ആദ്യം മുന്നിലെത്തിയത്. 70ാം മിനിറ്റിൽ കൊളംബിയൻ താരത്തെ ചവിട്ടി വീഴ്ത്തിയതിന് എൻസോ ഫെർണാണ്ടസിന് റെഡ് കാർഡ്. 81ാം മിനിറ്റിൽ തിയാഗോ അൽമാഡ അർജന്റീനക്കായി ഗോൾമടക്കി. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന നേരത്തേ തന്നെ ലോകകപ്പിന് ടിക്കറ്റെടുത്തിരുന്നു.