കിരീടത്തിലേക്ക് 252 റൺസ് ദൂരം

വരുൺ ചക്രവർത്തിക്കും കുൽദീപ് യാദവിനും രണ്ട് വിക്കറ്റ്

Update: 2025-03-10 00:59 GMT

ദുബൈ: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് 252 റൺസ് വിജയലക്ഷ്യം. ന്യൂസിലന്‍റ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച മിച്ചൽ ബ്രേസ്വെല്ലാണ് കിവീസിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. കിവീസിനായി ഡാരിൽ മിച്ചലും അർധസെഞ്ച്വറി കുറിച്ചു. ഇന്ത്യക്കായി വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍റിനെ ഇന്ത്യൻ സ്പിന്നർമാർ വരിഞ്ഞുമുറുക്കുന്ന കാഴ്ചയാണ് ദുബൈയിൽ കണ്ടത്. ഏഴാം ഓവർ വരെ വിക്കറ്റൊന്നും വീഴാതെ കുതിക്കുകയായിരുന്ന കിവീസിന് എട്ടാം ഓവറിലാണ് ആദ്യ പ്രഹരം ലഭിച്ചത്. വിൽ യങ്ങിനെ വരുൺ ചക്രവർത്തി വിക്കറ്റിന് മുന്നിൽ കുരുക്കി. തകർത്തടിച്ച് തുടങ്ങിയ രചിൻ രവീന്ദ്രയെ ശ്രേയസ് അയ്യർ ഒരു സന്ദര്‍ഭത്തില്‍ വിട്ടു കളഞ്ഞിരുന്നു. എന്നാൽ രവീന്ദ്രക്ക് ലൈഫ് മുതലെടുക്കാനുള്ള അവസരം ഇന്ത്യൻ ബോളർമാർ നൽകിയില്ല. തന്റെ ആദ്യ പന്തിൽ തന്നെ 37 റൺസെടുത്ത രവീന്ദ്രയെ കുൽദീപ് യാദവ് ക്ലീൻ ബൗൾഡാക്കി. 13ാം ഓവറിൽ കെയിൻ വില്യംസണെയും കുൽദീപ് കൂടാരം കയറ്റിയതോടെ കിവീസ് പരുങ്ങലിലായി.

Advertising
Advertising

അതിന് ശേഷം ക്രീസിലൊന്നിച്ച ഡാരിൽ മിച്ചലും ടോം ലാഥവും വിക്കറ്റ് കളയാതെ സൂക്ഷ്മതയോടെ കളംപിടിക്കാൻ തീരുമാനിച്ചു. എന്നാൽ 24ാം ഓവറിൽ ലാഥമിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കി. ആറാമനായെത്തിയ ഗ്ലെൻ ഫിലിപ്‌സിനെ കൂട്ടുപിടിച്ചായി പിന്നെ ഫിലിപ്‌സിന്റെ രക്ഷാപ്രവർത്തനം. 40ാം ഓവർ പിന്നിടുമ്പോൾ കിവീസ് സ്‌കോർബോർഡിൽ ആകെ 172 റൺസാണ് ഉണ്ടായിരുന്നത്. ഫിലിപ്‌സ് വീണതിന് ശേഷം ക്രീസിലെത്തിയ ബ്രേസ്വെൽ പിന്നീട് കത്തിക്കയറി. അവസാന ഓവറുകളിൽ നിരന്തരം ബൗണ്ടറികൾ പിറന്നതോടെ കിവീസ് 200 ഉം 250 ഉം കടന്നു. ബ്രേസ് വെൽ 40 പന്തിൽ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 53 റൺസുമായി പുറത്താവാതെ നിന്നു. 101 പന്തിൽ മൂന്ന് ഫോറടക്കം 63 റൺസാണ് മിച്ചൽ അടിച്ചെടുത്തത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News