അമ്പയറെ അസഭ്യം പറഞ്ഞു; ശ്രീലങ്കൻ ടി20 നായകൻ വനിന്ദു ഹസരങ്കയെ സസ്‌പെൻഡ് ചെയ്ത് ഐ.സി.സി

ശ്രീലങ്ക - അഫ്ഗാനിസ്താന്‍ ടി20 മത്സരത്തിനിടെ സ്‌ക്വയര്‍ ലെഗ് അമ്പയറായ ലിന്‍ഡന്‍ ഹാനിബലിനെയാണ് ഹസരങ്ക 'നേരിട്ടത്'.

Update: 2024-02-25 08:54 GMT
Editor : rishad | By : Web Desk
Advertising

കൊളംബോ: ശ്രീലങ്കൻ ടി20 നായകൻ വനിന്ദു ഹസരങ്കയെ സസ്‌പെൻഡ് ചെയ്ത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി). രണ്ട് മത്സരങ്ങളിലാണ് സസ്‌പെൻഷൻ. അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ടതിനും അസഭ്യം പറഞ്ഞതിനുമാണ് ഐ.സി.സി താരത്തെ വിലക്കിയത്.

പുറമെ മാച്ച് ഫീയുടെ 50ശതമാനം പിഴയും അടക്കണം. ഇതോടെ ബംഗ്ലാദേശിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും താരത്തിന് പുറത്തിരിക്കേണ്ടിവരും. ശ്രീലങ്ക - അഫ്ഗാനിസ്താന്‍ ടി20 മത്സരത്തിനിടെ സ്‌ക്വയര്‍ ലെഗ് അമ്പയറായ ലിന്‍ഡന്‍ ഹാനിബലിനെയാണ് ഹസരങ്ക നേരിട്ടത്.

അഫ്ഗാനിസ്താനെതിരേ അവസാന മൂന്ന് പന്തില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്നു. ഈ ഘട്ടത്തില്‍ അഫ്ഗാന്‍ താരം വഫാദര്‍ മോമന്ദ് ഫുള്‍ടോസ് എറിഞ്ഞു. ക്രീസിലുള്ള കമിന്തു മെന്‍ഡിസിന്റെ അരക്കെട്ടിന് ഉയരത്തിലായിരുന്നു പന്ത് വന്നത്. ഇതോടെ പന്ത് നോബോളാണെന്ന് വാദിച്ച് ഹസരങ്ക രംഗത്തുവന്നു. ഇത് അനുവദിക്കാതിരുന്നതോടെ ഹസരങ്ക അമ്പയര്‍ക്കെതിരേ അസഭ്യം പറയുകയായിരുന്നു. മത്സരത്തില്‍ ശ്രീലങ്ക മൂന്ന് റണ്‍സിന് തോറ്റു. എന്നാല്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്ക സ്വന്തമാക്കുകയും ചെയ്തു(2-1). 

അതേസമയം ഹസരങ്ക വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. രൂക്ഷമായ ഭാഷയില്‍ അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.  ഒരു അന്താരാഷ്‌ട്ര മത്സരത്തിൽ നടക്കാന്‍ പാടില്ലാത്തത് എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

''ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കാൻ പാടില്ല.  ആ പന്ത് അരയുടെ ഉയരത്തിന് അടുത്തിരുന്നെങ്കിൽ പ്രശ്നമല്ലായിരുന്നു. എന്നാൽ വളരെ ഉയരത്തിൽ പോകുന്ന ഒരു പന്ത്. അൽപ്പം മുകളിലേക്ക് പോയിരുന്നെങ്കിൽ അത് ബാറ്ററുടെ തലയിൽ പതിക്കുമായിരുന്നു. നിങ്ങൾക്ക് അത് കാണാൻ കഴിയുന്നില്ലെങ്കിൽ, ആ അമ്പയർ അന്താരാഷ്ട്ര ക്രിക്കറ്റിന് അനുയോജ്യനല്ല. അദ്ദേഹം മറ്റൊരു ജോലി ചെയ്താൽ നന്നായിരിക്കും- ഇങ്ങനെയായിരുന്നു ഹസരംഗയുടെ വാക്കുകള്‍.  

കളിക്കാർക്കും മാച്ച് ഒഫീഷ്യല്‍സിനും വേണ്ടിയുള്ള ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.13 ആണ് താരം ലംഘിച്ചിരിക്കുന്നത്. ഹസരംഗ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായും ഐ.സി.സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ സംഭവത്തോടെ, ഹസരംഗ അഞ്ച് ഡീമെറിറ്റ് പോയിൻ്റുകൾ നേടി. ഇങ്ങനെ നേടിയാല്‍ ഒരു ടെസ്റ്റ് മത്സരം, രണ്ട് ഏകദിനങ്ങള്‍, രണ്ട് ടി20 കള്‍ എന്നിവയില്‍ ആദ്യം വരുന്നത് ഏതോ അതില്‍ നിന്നും പുറത്തിരിക്കേണ്ടിവരും. ഇവിടെ ശ്രീലങ്കയുടെ അടുത്ത മത്സരം ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയാണ്. 

അതേസമയം അഫ്ഗാനിസ്ഥാൻ്റെ റഹ്മാനുള്ള ഗുർബാസിനും ഒരു ഡിമെറിറ്റ് പോയിൻ്റും മാച്ച് ഫീയുടെ 15% പിഴയും ചുമത്തി. അമ്പയറുമായുള്ള പ്രശ്നം തന്നയാണ് താരത്തനും വിനയായത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News