അഹമ്മദാബാദ്, ലക്‌നൗ; ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകള്‍

അദാനി ഗ്രൂപ്പ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പ് തുടങ്ങിയവരും ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും അവര്‍ക്ക് ടീമുകളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.

Update: 2021-10-25 14:38 GMT
Editor : abs | By : Web Desk
Advertising

ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകള്‍ കൂടി. അഹമ്മദാബാദ്, ലക്‌നൗ ടീമുകളാണ് അടുത്ത സീസണില്‍ കളത്തിലിറങ്ങുക. ഇതോടെ ഐപിഎല്‍ ടീമുകളുടെ എണ്ണം 10 ആയി.

ആര്‍പി സഞ്ജീവ് ഗോയങ്ക ആര്‍പിഎസ്ജി ഗ്രൂപ്പ്, അന്താരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സിയായ സിവിസി ക്യാപിറ്റല്‍ എന്നിവരാണ് പുതിയ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്. ലക്‌നൗ ടീം ഗോയങ്കെ ഗ്രൂപ്പ് 7000 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. അഹമ്മദാബാദ് ടീമിനെ സ്വന്തമാക്കാന്‍ സിവിസി ക്യാപിറ്റല്‍സ് 5200 കോടി ചെലവഴിച്ചു.

അദാനി ഗ്രൂപ്പ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗ്രൂപ്പ് തുടങ്ങിയവരും ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും അവര്‍ക്ക് ടീമുകളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹിന്ദുസ്ഥാന്‍ മീഡിയ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കാപ്രി ഗ്ലോബല്‍, സിംഗപ്പൂര്‍ ആസ്ഥാനമായ ഐറേലിയ തുടങ്ങിയ കമ്പനികളും ലേലത്തില്‍ പങ്കെടുത്തിരുന്നു.

പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കായി 7000 കോടി മുതല്‍ 10000 കോടി രൂപ വരെ ചെലവഴിക്കപ്പെടുമെന്നാണ് ആദ്യ ഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്നത്. തുടക്കത്തില്‍ 22 കമ്പനികള്‍ 10 ലക്ഷം രൂപയുടെ ടെന്‍ഡര്‍ രേഖ എടുത്തെങ്കിലും പത്ത് കക്ഷികള്‍ മാത്രമാണ് ലേലം വിളിച്ചത്. 2000 കോടി രൂപയായിരുന്നു ടീമുകളുടെ അടിസ്ഥാന വില.

അഹമദാബാദ്, ലക്‌നൗ എന്നിവയ്ക്ക് പുറമെ കട്ടക്ക്, ധര്‍മശാല, ഗുവാഹത്തി, ഇന്‍ഡോര്‍ എന്നീ നാല് നഗരങ്ങളും ഫ്രാഞ്ചൈസികള്‍ക്കായി പരിഗണിച്ചിരുന്നു.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News