എന്തുകൊണ്ട് കരുൺ നായറെ ടീമിലെടുത്തു, സർഫറാസിനെ എന്തുകൊണ്ട് ഒഴിവാക്കി; വിശദീകരണവുമായി അജിത് അഗാർക്കർ
ന്യൂഡൽഹി: ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ അതിലേറ്റവും കൗതുകകരമായത് കരുൺ നായറുടെ സാന്നിധ്യമാണ്. 2018ന് ശേഷം ഇതാദ്യമായാണ് കരുൺ ഇന്ത്യൻ ടീമിൽ ഉൾപ്പെടുന്നത്. കൂടാതെ പോയവർഷം ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമായ സർഫറാസ് ഖാനെ പുറത്തിരുത്തുകയും ചെയ്തു.
ടീം പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ചീഫ് സെലക്ടർ അജിത് അഗാർക്കർ ഈ തീരുമാനത്തെ വിശദീകരിച്ചതിങ്ങനെ: ‘‘ചിലർക്ക് നല്ലതാകുന്ന തീരുമാനം മറ്റുചിലർക്ക് മോശമാകും. കരുൺ നായർ ഒരുപാട് റൺസ് നേടിയിട്ടുണ്ട്. കൂടാതെ കൗണ്ടി ക്രിക്കറ്റും കളിച്ചു’’
‘‘ചിലപ്പോൾ നമുക്ക് നല്ല തീരുമാനങ്ങൾ എടുക്കേണ്ടി വരും. സർഫറാസ് ആദ്യ മത്സരത്തിൽ നൂറ് റൺസ് എടുത്തു എന്ന് എനിക്കറിയാം. പക്ഷേ പിന്നീട് ഫോമായില്ല. ചിലസമയങ്ങളിൽ ടീം മാനേജ്മെന്റ് ഒരു തീരുമാനമെടുക്കും. കരുൺ ആഭ്യന്തരക്രിക്കറ്റിൽ ഒരുപാട് റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും കൗണ്ടി ക്രിക്കറ്റിലും അനുഭവ സമ്പത്തുമുണ്ട്. കൂടാതെ വിരാട് ഇല്ലാതിരിക്കുമ്പോൾ നമുക്ക് പരിചയ സമ്പത്തിന്റെ അഭാവവുമുണ്ട്.അതുകൊണ്ട് അദ്ദേഹത്തിന്റെ അനുഭവം ഗുണം ചെയ്യും’’ -അഗർക്കർ പറഞ്ഞു.
രഞ്ജി ട്രോഫിയിൽ വിദർഭക്കായി മിന്നും ഫോമിൽ ബാറ്റേന്തിയ കരുൺ 10 മത്സരങ്ങളിൽ നിന്നും 690 റൺസ് നേടിയിരുന്നു. 2016ൽ ചെന്നൈ സ്റ്റേഡിയത്തിൽ വെച്ച് ഇംഗ്ലണ്ടിനെതിരെ കരുൺ ട്രിപ്പിൾ സെഞ്ച്വറി നേടിയിരുന്നു.