ഓസീസിനെതിരെ ബ്രേവിസ് വെടിക്കെട്ട്, റെക്കോർഡ്; ദക്ഷിണാഫ്രിക്കയ്ക്ക് 53 റൺസ് ജയം
പ്രോട്ടീസിനായി ടി20 സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം 22 കാരൻ സ്വന്തമാക്കി
ഡാർവിൻ: ആസ്‌ത്രേലിയക്കെതിരായ ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. പ്രോട്ടീസ് വിജയലക്ഷ്യമായ 219 റൺസ് പിന്തുടർന്ന ഓസീസ് പോരാട്ടം 165ൽ അവസാനിച്ചു. സെഞ്ച്വറി നേടിയ ഡേവിഡ് ബ്രേവിസിന്റെ(125) പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച ജയമൊരുക്കിയത്. 56 പന്തിൽ 12 ഫോറും എട്ട് സിക്‌സറും സഹിതമാണ് ബേബി എബിഡി ശതകം കുറിച്ചത്.
ഇതോടെ അന്താരാഷ്ട്ര ടി20യിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കൻ താരത്തിനുള്ള റെക്കോർഡ് 22 കാരൻ സ്വന്തമാക്കി. താരത്തിന്റെ ഉയർന്ന ടി20 സ്‌കോറും ഇതുതന്നെയാണ്. ഫാഫ് ഡുപ്ലെസിസിന്റെ(119) നേട്ടമാണ് മറികടന്നത്. ടി20യിൽ ഓസീസിനെതിരെ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറും ബ്രേവിസ് സ്വന്തംപേരിലെഴുതി. ഇന്ത്യയുടെ ഋതുരാജ് ഗെയിക്‌വാദിനെ(123)യാണ് പിന്തള്ളിയത്.
ഒരുഘട്ടത്തിൽ 57-3 എന്ന നിലയിൽ തകർച്ച നേരിടവെയാണ് ബ്രേവിസ് ദക്ഷിണാഫ്രിക്കയുടെ രക്ഷകറോളിൽ അവതിരിച്ചത്. നാലാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്‌സുമായുള്ള(31) കൂട്ടുകെട്ട് സന്ദർശകരെ മികച്ച സ്‌കോറിലെത്തിച്ചു. മറുപടി ബാറ്റിങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണത് കങ്കാരുപ്പടക്ക് തിരിച്ചടിയായി. 24 പന്തിൽ 50 റൺസെടുത്ത ടിം ഡേവിഡാണ് ടോപ് സ്‌കോറർ.