ആവേശ് ഖാന് ഇക്കുറി ആവേശമാകാം; തോറ്റ കളി ജയിപ്പിച്ചില്ലെ?

ഓഫ്സ്റ്റമ്പിന് പുറത്തെറിഞ്ഞ ആവേശ്ഖാന്റെ തന്ത്രം ഫലിച്ചു. ബാറ്റുവെച്ച പടിക്കൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി.

Update: 2023-04-20 07:17 GMT
Editor : rishad | By : Web Desk

ആവേശ് ഖാന്‍

ജയ്പൂർ: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ജയിച്ചതിന്റെ ആവേശത്തിൽ ഹെൽമറ്റ് വലിച്ചെറിഞ്ഞ ആവേശ് ഖാന് പിഴശിക്ഷ ലഭിച്ചിരുന്നു. വൻ സ്‌കോർ പടുത്തുയർത്തിയിട്ടും അത് പിന്തുടർന്ന് ജയിച്ചതിലെ ആവേശമായിരുന്നു ആവേശ് ഖാന്. എന്നാൽ സമാനമായ സാഹചര്യത്തിലൂടെയാണ് ആവേശ് ഖാനും ലക്‌നൗ സൂപ്പർജയന്റ്‌സും കഴിഞ്ഞ മത്സരത്തിലൂടെ കടന്നുപോയത്.

ആ ത്രില്ലറിൽ ലക്‌നൗ വിജയിക്കുകയും ചെയ്തു. ഇത്തവണയും ടീം വിജയത്തിൽ നിർണായക പങ്കുവഹിക്കാൻ ആവേശ് ഖാനും ഉണ്ടായിരുന്നു. അവസാന ഓവറിൽ ആഞ്ഞടിച്ചാൽ ജയിക്കാവുന്ന സ്‌കോറെ രാജസ്ഥാന്റെ മുന്നിലുണ്ടായിരുന്നുള്ളൂ. 19 റൺസായിരുന്നു അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. നായകന്‍ രാഹുല്‍ പന്തേല്‍പ്പിച്ചത് ആവേശ് ഖാനെയും. സ്‌ട്രൈക്കിൽ ഫോമിന്റെ പരിസരത്ത് പോലും ഇല്ലാതിരുന്ന റിയാൻ പരാഗും. ആദ്യ പന്ത് തന്നെ ബാക്ക്‌വാർഡ് പോയിന്റിലൂടെ ഫോർ പിറക്കുന്നു. ലക്‌നൗ ഒന്നു ഞെട്ടിയ നിമിഷം. രണ്ടാം പന്തിലൂടെ ആവേശ് ഖാൻ തിരിച്ചെത്തി.

Advertising
Advertising

മികച്ച ലെങ്ത്തില്‍ വന്ന പന്തിനെ പരാഗിന് ഒന്നും ചെയ്യാനായില്ല. ലെഗ്‌ബൈയിലൂടെ ഒരു റൺസ് കിട്ടി. മൂന്നാം പന്തിൽ പടിക്കൽ ഔട്ട്. ഓഫ്സ്റ്റമ്പിന് പുറത്തെറിഞ്ഞ ആവേശ്ഖാന്റെ തന്ത്രം ഫലിച്ചു. ബാറ്റുവെച്ച പടിക്കൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. നാലാം പന്തിൽ വീണ്ടും വിക്കറ്റ്. ജുറെൽ ആഞ്ഞുവീശിയെങ്കിലും ബൗണ്ടറി ലൈനിന് തൊട്ടരികെ ദീപക് ഹൂഡ പിടികൂടി. പിന്നാലെ വന്ന രണ്ട് പന്തുകളിൽ മൂന്ന് റൺസ് എടുക്കാൻ മാത്രമെ രാജസ്ഥാന് കഴിഞ്ഞുള്ളൂ. അതോടെ 19 റൺസ് വിജയകരമായി പ്രതിരോധിച്ചതിന്റെ സന്തോഷം ആവേശ് ഖാന്റെ മുഖത്തുണ്ടായിരുന്നു. ഇത് ഗ്രൗണ്ടിലും പ്രകടമായി. എന്നാൽ ഹെൽമെറ്റ് വലിച്ചെറിഞ്ഞത് പോലത്തെ സാഹസത്തിന് മുതിർന്നില്ലെന്ന് മാത്രം.

വിക്കറ്റ് കീപ്പർ നിക്കോളാസ് പുരാനുമൊത്തുള്ള ആവേശ്ഖാന്റെ ആഘോഷമാണ് ക്ലിക്കായത്. മത്സരത്തിൽ നാല് ഓവർ എറിഞ്ഞ് 25 റൺസ് വിട്ടുകൊടുത്ത് നിർണായകമായ വിക്കറ്റുകളാണ് ആവേശ്ഖാൻ വീഴ്ത്തിയത്. താരത്തിൽ നിന്നുണ്ടായ മികച്ച പ്രകടനമായിരുന്നു രാജസ്ഥാനെതിരെ. മത്സരത്തിൽ പത്ത് റൺസിന്റെ ത്രസിപ്പിക്കുന്ന ജയമാണ്  ലക്‌നൗ സൂപ്പർജയന്റ്‌സ് സ്വന്തമാക്കിയത്. 



Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News